ചെറു ബാങ്കുകളുടെ വായ്പ: ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ തൃശൂരും പാലക്കാടും
ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ആലപ്പുഴയടക്കം 5 ജില്ലകള്‍
രാജ്യത്ത് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കുകള്‍ (ചെറു ബാങ്കുകള്‍/Small Finance Banks/SFB) ഏറ്റവുമധികം മൈക്രോഫൈനാന്‍സ് വായ്പ നല്‍കിയ ജില്ലകളില്‍ ആദ്യ പത്തില്‍ ഇടംനേടി കേരളത്തില്‍ നിന്ന് 5 ജില്ലകള്‍. ദേശീയതലത്തില്‍ തന്നെ ഒന്നാംസ്ഥാനം തൃശൂരിനും രണ്ടാംസ്ഥാനം പാലക്കാടിനുമാണ്.
മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളുടെ സ്വതന്ത്ര നിയന്ത്രണ ഏജന്‍സിയായ സാ-ധന്‍ (Sa-Dhan) പുറത്തുവിട്ട 2022-23ലെ മാര്‍ച്ചുപാദ റിപ്പോര്‍ട്ട് പ്രകാരം 813 കോടി രൂപയുടെ വായ്പകളുമായാണ് തൃശൂര്‍ ഒന്നാമതെത്തിയത്. 797 കോടി രൂപയുമായാണ് പാലക്കാടിന് രണ്ടാംസ്ഥാനം.
തിരുവനന്തപുരം അഞ്ചാമതും ആലപ്പുഴ ആറാമതും കൊല്ലം ഒമ്പതാമതുമായി പട്ടികയിലുണ്ട്. 701 കോടി രൂപയുടെ വായ്പകളാണ് തിരുവനന്തപുരത്ത് വിതരണം ചെയ്തത്. ആലപ്പുഴയില്‍ 644 കോടി രൂപയും കൊല്ലത്ത് 540 കോടി രൂപയും.
കേരളത്തിന് മൂന്നാംസ്ഥാനം
ചെറു ബാങ്കുകള്‍ ഇതിനകം വിതരണം ചെയ്ത മൊത്തം മൈക്രോഫൈനാന്‍സ് വായ്പകളില്‍ കേരളത്തിനാണ് മൂന്നാംസ്ഥാനം. 5,299 കോടി രൂപയുടെ വായ്പകളാണ് കേരളത്തിലുള്ളത്. 10,339 കോടി രൂപയുമായി തമിഴനാട് ഒന്നാമതും 6,518 കോടി രൂപയുമായി ബിഹാര്‍ രണ്ടാമതുമാണ്.
അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി) വിതരണം ചെയ്ത ആകെ മൈക്രോഫൈനാന്‍സ് വായ്പകളെടുത്താല്‍ കേരളത്തിന് ആറാം സ്ഥാനമാണ്. 1,280 കോടി രൂപയാണ് എന്‍.ബി.എഫ്.സികള്‍ കേരളത്തില്‍ വിതരണം ചെയ്തത്. 7,823 കോടി രൂപയുമായി തമിഴ്‌നാട് ഒന്നാമതും 6,251 കോടി രൂപയുമായി ബിഹാര്‍ രണ്ടാമതുമാണ്.
മൈക്രോഫൈനാന്‍സും കേരളവും
കേരളത്തില്‍ മാര്‍ച്ചുപാദ കണക്കുപ്രകാരം 51 ലക്ഷം മൈക്രോഫൈനാന്‍സ് വായ്പാ അക്കൗണ്ടുകളാണുള്ളത്. 2022 മാര്‍ച്ചിനെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണിത്. എന്നാല്‍, സജീവ വായ്പാ അക്കൗണ്ടുകളുടെ എണ്ണം 10.76 ശതമാനം ഉയര്‍ന്ന് 23.48 ലക്ഷമായിട്ടുണ്ട്.
കേരളത്തിലെ മൊത്തം മൈക്രോഫൈനാന്‍സ് വായ്പകളുടെ മൂല്യം 13,645 കോടി രൂപയാണ്. ചെറുബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍ എന്നിവയ്ക്ക് പുറമേ ബാങ്കുകള്‍, എന്‍.ബി.എഫ്.സി-എം.എഫ്.ഐകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ നല്‍കിയ വായ്പകളാണിത്.
വായ്പാത്തുകയിലും കേരളം മുന്‍നിരയില്‍
മൈക്രോഫൈനാന്‍സ് വായ്പകളിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വായ്പാത്തുകയില്‍ (ആവറേജ് ടിക്കറ്റ് സൈസ്/ Average Ticket Size) കേരളം രണ്ടാമതാണ്. 53,543 രൂപയാണ് കേരളത്തിലെ ശരാശരി വായ്പാത്തുക. 56,170 രൂപയുമായി നാഗാലാന്‍ഡാണ് ഒന്നാമത്.