റെക്കോര്‍ഡ് അറ്റാദായവുമായി എസ്ബിഐ
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 74 ശതമാനം ആണ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (Fy23) രണ്ടാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SBI) 13,264 കോടി രൂപയുടെ അറ്റാദായം (Net Profit). എസ്ബിഐ ഏതെങ്കിലും ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായം ആണിത്. മുന്‍വര്‍ഷത്തെ 7,418 കോടി രൂപയെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 74 ശതമാനം ആണ്.
ബാങ്കിന്റെ പ്രവര്‍ത്തന ലാഭം (Operating Profit) 12.82 ശതമാനം ഉയര്‍ന്ന് 21,120 കോടി രൂപയിലെത്തി. 35,183 കോടി രൂപയാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവിലെ എസ്ബിഐയുടെ അറ്റപലിശ (Net Interest) വരുമാനം. രണ്ടാം പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 41,90,255 കോടി രൂപയുടെ നിക്ഷേപമാണ് (Deposit) എസ്ബിഐയില്‍ ഉള്ളത്. മുന്‍വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 9.99 ശതമാനത്തിന്റെ വര്‍ധനവാണ് നിക്ഷേപത്തില്‍ ഉണ്ടായത്.
ബാങ്കിന്റെ പലിശ വരുമാനം 15 ശതമാനം ഉയര്‍ന്ന് 79,859.59 കോടി രൂപയിലെത്തി. വായ്പകളുടെ 3.52 ശതമാനം ആണ് എസ്ബിഐയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി. കഴിഞ്ഞ വര്‍ഷം ഇത് 4.90 ശതമാനം ആയിരുന്നു. 2011-12 കാലയളവിന് ശേഷമുള്ള ബാങ്കിന്റെ ഏറ്റവും മികച്ച മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം ആണിത്.