ആന്ധ്രയില്‍ ആശുപത്രിയുടെ നിയന്ത്രണം സ്വന്തമാക്കി ആസ്റ്റര്‍; ഓഹരി പങ്കാളിത്തം 51 ശതമാനമായി
സുപ്രീം കോടതി പരാമര്‍ശത്തില്‍പെട്ട് ആസ്റ്റര്‍ ഓഹരി
ഡോ. ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഉപകമ്പനിയായ ഡോ. രമേഷ് കാര്‍ഡിയാക് ആന്‍ഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (DRCMHPL) ആന്ധ്രാപ്രദേശിലെ ആശ്രയ ഹെല്‍ത്ത്‌കെയറിന്റെ 20.40 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. ഇതോടെ ഹോസ്പിറ്റലിലെ മൊത്തം ഓഹരി പങ്കാളിത്തം 51 ശതമാനമായി. 13 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഏറ്റെടുക്കല്‍. 6.63കോടി രൂപയാണ് ഇതിനായി രമേഷ് കാര്‍ഡിയാക് നിക്ഷേപിക്കുക. ആശുപത്രിയുടെ 49 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്ന 13 പാര്‍ട്ണര്‍മാര്‍ ചേര്‍ന്ന് ബാക്കി 6.37 കോടി രൂപയും നിക്ഷേപിക്കും.
2024 ഒക്ടോബര്‍ 31ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 സെപ്റ്റംബര്‍ 29നാണ് ആശ്രയ ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ടെലിമെഡിസിന്‍ സെന്ററുകള്‍ എന്നിവ വഴി ആരോഗ്യ സേവനങ്ങള്‍ നല്‍കാൻ ഏറ്റെടുക്കൽ സഹായിക്കും.
ഗള്‍ഫിലെ ബിസിനസ് വേര്‍പെടുത്തിയ ആസ്റ്റര്‍ നിലവില്‍ ഇന്ത്യയിലെ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇന്ത്യയില്‍ വികസനത്തിനായി 2,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഓഹരി ഇടിവില്‍
ഫെബ്രുവരി 27നാണ് ഏറ്റെടുക്കലിനെ കുറിച്ച് ആസ്റ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. തുടര്‍ന്ന് ഓഹരി വില 2.05 ശതമാനം ഉയര്‍ന്ന് 484.45 രൂപയെന്ന റെക്കോഡില്‍ എത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്ക് ഏകീകൃത നിരക്കുകള്‍ നടപ്പാക്കാത്തതില്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചത് കഴിഞ്ഞ രണ്ട് ദിവസമായി ഹെല്‍ത്ത് കെയര്‍മേഖലയിലെ ഓഹരികളെ തളര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ 2.81 ശതമാനം ഇടിഞ്ഞ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം താഴേക്ക് പോയിരുന്നു. വ്യാപാരാന്ത്യം രണ്ട് ശതമാനം ഇടിഞ്ഞ് 462.05 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 222 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 110 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 28.56 ശതമാനം ഉയര്‍ന്ന് 179.21 കോടി രൂപയാണ്.