ആസ്റ്റര്‍ ഡിഎം-കെയര്‍ ഹോസ്പിറ്റല്‍ ലയനം മൂന്നാഴ്ചക്കകം, ആസാദ് മൂപ്പന്‍ ചെയര്‍മാനായി തുടരും; ഓഹരി കൈമാറ്റ വ്യവസ്ഥകള്‍ ഇവയാണ്
രാജ്യത്തെ ആരോഗ്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ മാറും
പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ബംഗളൂരു ആസ്ഥാനമായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലുമായുള്ള ലയനം ഈ മാസം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സേവന മേഖലയിലെ പുതിയൊരു വമ്പന്‍ കമ്പനിയുടെ ഉദയത്തിനാണ് ഇതോടെ സാക്ഷ്യം വഹിക്കുക. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ലിസ്റ്റഡ് ഹോസ്പിറ്റല്‍ ശൃംഖലയെന്ന നേട്ടം പുതിയ കമ്പനിയായ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന് സ്വന്തമാകും.
ഇരു നിക്ഷേപക സ്ഥാപനങ്ങളുടേയും കൈയിലാണ് ഏറിയ പങ്ക് ഓഹരികളെങ്കിലും നിയന്ത്രണാവകാശം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിനായിരിക്കും. പുതിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി ആസ്റ്റര്‍ ഡി.എം ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ തുടരുമെന്നാണ് സൂചന. ഈ വര്‍ഷം ആദ്യം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയിരുന്നു. ആസാദ് മൂപ്പനും മറ്റു സ്ഥാപകര്‍ക്കും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറില്‍ നിലവിൽ 42 ശതമാനം ഓഹരികളാണുള്ളത്.