ആസ്റ്റര്‍ ഗള്‍ഫ് ബിസിനസ് വിഭജനം അന്തിമ ഘട്ടത്തിലേക്ക്, മുന്നേറ്റം തുടര്‍ന്ന് ഓഹരി

ഇന്നലെ എട്ട് ശതമാനത്തോളം കുതിച്ച ഓഹരികള്‍ ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്

Update:2024-03-21 14:50 IST

Image : asterhospitals.in

പ്രവാസി മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസ് വിഭജന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. യു.എ.ഇ ആസ്ഥാനമായ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ഫ്ജര്‍ ക്യാപിറ്റല്‍ ഗള്‍ഫ് ബിസിനസില്‍ (ജി.സി.സി) നടത്താനുദ്ദേശിക്കുന്ന നിക്ഷേപവും അന്തിമ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു.

ഇതോടെ ഇന്നലെ ആസ്റ്റര്‍ ഓഹരികള്‍ എട്ട് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും നേട്ടത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. മൂന്നു വര്‍ഷക്കാലയളവില്‍ 213.45 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 86 ശതമാനവും നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.

വിഭജനത്തിന്റെ നാള്‍വഴി
കഴിഞ്ഞ നവംബറിലാണ് ഗള്‍ഫ് ബിസിനസിലെ നിയന്ത്രണാവകാശ ഓഹരികള്‍ ഫ്ജര്‍ ക്യാപിറ്റലിനു കീഴിലുള്ള കണ്‍സോര്‍ഷ്യത്തിന് നല്‍കാന്‍ ധാരണയായത്. ഒരു ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം 8,300 കോടി രൂപ) ഓഹരി കൈമാറ്റ കരാർ ഒപ്പുവച്ചത്. ആസ്റ്ററിന്റെ ജി.സി.സി ബിസിനസില്‍ ഇതോടെ ഫ്ജറിന്റെ പങ്കാളിത്തം 65 ശതമാനമാകും. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓഹരിയുടമകള്‍ വിഭജനത്തിന് അനുമതി നല്‍കി. വിഭേജന ശേഷം ആസാദ് മൂപ്പന്റെ കുടുംബത്തിന് ജി.സി.സി ബിസിനസില്‍ 35 ശതമാനം ഓഹരിയാണ് ഉണ്ടാകുക.
ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഫ്ജര്‍ ക്യാപിറ്റല്‍ സൗദ്യ അറേബ്യയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷനില്‍ (GAC) നിന്ന് ആവശ്യമായ അനുമതികള്‍ കരസ്ഥമാക്കി. ഖത്തറിലെ അധികാരികളില്‍ നിന്നുള്ള അനുമതികളും നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ വന്‍ പദ്ധതികള്‍

ഇന്ത്യന്‍ ബിസിനസില്‍ നിലവിലുള്ള ഓഹരിയുടമകള്‍ തുടരും. ഇടപാട് പൂര്‍ത്തിയായതിനു ശേഷം കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് 110-120 രൂപയാകും ഡിവിഡന്‍ഡ്. ഇന്ത്യന്‍ ബിസിനസില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ ഈ വിഭജനം സഹായിക്കും. 2027 സാമ്പത്തിക വര്‍ഷത്തോടെ 1,500 ബെഡുകള്‍ കൂട്ടിച്ചേര്‍ക്കാനും രാജ്യത്തെ മൂന്നാമത്തെ ഹോസ്പിറ്റല്‍ 
ശൃം
ഖലയായി മാറാനുമാണ് ആസ്റ്റര്‍ ലക്ഷ്യമിടുന്നത്.
നിലിവിലുള്ള ആശുപത്രികളെ ഏറ്റെടുക്കുന്നതിനൊപ്പം പുതിയ ആശുപത്രികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനായി 850-900 കോടി രൂപയാണ് ആസ്റ്റര്‍ നീക്കി വയ്ക്കുന്നത്. തിരുവനന്തപുരത്ത് പണി പുരോഗമിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റലിന്റെ ആദ്യ ഘട്ടം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. 350ലധികം കിടക്കകളോടു കൂടിയതാണ് ഈ ആശുപത്രി. ഇതുകൂടാതെ കാസര്‍ഗോഡ് 200ലധികം കിടക്കകളോടു കൂടിയ ആസ്റ്റര്‍ മിംമ്‌സും വരുന്നുണ്ട്. മെഡ്‌സിറ്റി, മിംമ്‌സ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ 100 കിടക്കകള്‍ വീതവും ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 കിടക്കകളും കൂട്ടിച്ചേര്‍ക്കാനും ആസ്റ്റര്‍ ലക്ഷ്യമിടുന്നുണ്ട്.
Tags:    

Similar News