മൂന്നുലക്ഷം ചതുരശ്രയടി, 300 ബെഡുകള്‍, ചെലവ് ₹200 കോടി; ആസ്റ്ററിന്റെ പുതിയ ആശുപത്രി വരുന്നു

അപര്‍ണ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലൊപ്പിട്ടു, 2026ല്‍ പൂര്‍ത്തിയാകും

Update:2024-09-23 15:45 IST

Image : asterhospitals.ae /canva

പ്രവാസി മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രമുഖ ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹൈദരാബാദില്‍ പുതിയ ആശുപത്രി തുടങ്ങുന്നു.

ഹോസ്പിറ്റലിനായി ആസ്റ്ററിന്റെ ഉപകമ്പനിയായ ശ്രീ സായിനാഥ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അപര്‍ണ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി വാടക കരാറില്‍ ഏര്‍പ്പെട്ടു. 220 കോടി രൂപയാണ് ഹോസ്പിറ്റിലിനായി ആസ്റ്റര്‍ മുടക്കുക. 300 ബെഡുകളോടു കൂടിയ മൂന്ന് ലക്ഷം ചതുരശ്ര അടിയിലാണ് ആശുപത്രി ഒരുങ്ങുക. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ആശുപത്രിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. 2026ന്റെ അവസാന പാദത്തില്‍ ആശുപത്രി പൂര്‍ണ സജ്ജമാകും.

സ്‌പെഷ്യൈലൈസ്ഡ് ആശുപത്രി

ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നിയോനാറ്റല്‍ കെയര്‍, പ്രീപ്രൊഡക്ടീവ് ഹെല്‍ത്ത് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന വമ്പന്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയില്‍ 100 ക്രിട്ടിക്കല്‍ കെയര്‍ കിടക്കകളും 10 മോഡുലാര്‍ തീയറ്ററുകളും ലക്ഷ്വറി ബര്‍ത്തിംഗ് സ്യൂട്ടുകളുമുണ്ട്. കാത്ത് ലാബ്, സി.ടി, എം.ആര്‍.ഐ, ഇ.സി.എം.ഒ, ഐ.വി.യു.എസ്, ഇ.ബി.യു.എസ്, ഇ.ആര്‍.സി.പി എന്നീ സൗകര്യങ്ങളും 24/7 എമര്‍ജന്‍സി കെയറും ഇവിടെ ഒരുക്കും. ബംഗളൂരുവിലേതിനു ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആസ്റ്റര്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്.

ഹൈദരാബാദിലെ അമീര്‍പെട്ടില്‍ നിലവില്‍ 4,869 ബെഡുകളോടു കൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയ ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ സ്ഥിതി പ്രവര്‍ത്തിക്കുന്നുണ്ട്.

വിപുലീകരണ പദ്ധതികള്‍

2027 സാമ്പത്തിക വര്‍ഷത്തോടെ 2,000 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ന്ന് ആസ്റ്റര്‍ ശൃഖലയിലെ മൊത്തം കിടക്കകളുടെ എണ്ണം 6,800ലധികമാക്കാനാണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്. ഇതിനായി പുതിയ ആശുപത്രികള്‍ സ്ഥാപിക്കാനും നിലവിലുള്ളവ ഏറ്റെടുക്കാനും പദ്ധതിയുണ്ടെന്ന് ആസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 1,200 കോടി രൂപയുടെ വിപുലീകരണ പദ്ധതിയാണ് ആസ്റ്റര്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ ആസ്റ്ററിന് കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 19 ആശുപത്രികള്‍, 232 ലാബുകള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍ എന്നിവയുണ്ട്.

ആസ്റ്റര്‍ ഓഹരികള്‍ ഇന്ന് 0.62 ശതമാനം നേട്ടത്തോടെ 423.85 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 28.95 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്.

Tags:    

Similar News