ശമ്പള കുടിശികയില്‍ പാതി വീട്ടി ബൈജൂസ്, ബാക്കി ഉടന്‍ നല്‍കുമെന്നും റിപ്പോര്‍ട്ട്

അവകാശ ഓഹരി വഴി സമാഹരിച്ച പണം ഇനിയും പിന്‍വലിക്കാനായില്ല

Update:2024-03-11 11:46 IST

Image : byjus.com

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ഫെബ്രുവരിയിലെ ശമ്പളത്തില്‍ ഒരു ഗഡു എല്ലാ ജീവനക്കാര്‍ക്കും കൊടുത്തതായി മാര്‍ച്ച് 10ന് പ്രഖ്യാപിച്ചു. ഇന്ന് ബാങ്ക് അക്കൗണ്ടില്‍ പണമെത്തുമെന്നും അവകാശ ഓഹരി വില്‍പ്പന വഴി സമാഹരിച്ച പണം വിനിയോഗിക്കാന്‍ അനുമതിയാകുന്ന മുറയ്ക്ക് ബാക്കി തുക കൊടുത്തു തീര്‍ക്കുമെന്നും ജീവനക്കാര്‍ക്കയച്ച കത്തില്‍ ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായുമാണ് ശമ്പളം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 10നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. ഇതിനായി കമ്പനി അവകാശ ഓഹരി വഴി പണം സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപകര്‍ ബൈജൂസിനെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍.സി.എല്‍.ടി) പരാതി നല്‍കിയതിനെ തുടര്‍ന്ന് അവകാശ ഓഹരി വഴി സമാഹരിച്ച പണം പ്രത്യേക അക്കൗണ്ടില്‍ നീക്കിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ശമ്പളവും ദൈനംദിന ചെലവുകളും പരുങ്ങലിലായി. ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തിയാണ് ശമ്പളം നല്‍കിയത്.

മൂല്യം കുറഞ്ഞ് കുറഞ്ഞ്‌

തുടര്‍ച്ചയായ തിരിച്ചടികൾ നേരിടുന്ന ബൈജൂസിന് നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം മൂലം വലിയ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നാല് നിക്ഷേപകര്‍ ചേര്‍ന്നാണ് കമ്പനിയെ നിയന്ത്രിക്കുന്നതില്‍ ബൈജൂസിന്റെ മാനേജ്‌മെന്റ് പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ എന്‍.സി.എല്‍.ടിയില്‍ പരാതി നല്‍കിയത്.

നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് അവകാശ ഓഹരി വഴി ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ 20 കോടി ഡോളറാണ് (ഏകദേശം 1,663 കോടി രൂപ) സമാഹരിച്ചത്. ബൈജൂസ് ഇതിനു മുമ്പ് പണം സമാഹരിക്കുമ്പോള്‍ 2,200 കോടി ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നതെങ്കില്‍ പുതിയ സമാഹരണത്തിനു ശേഷം ഇത് വെറും 22.5 കോടി ഡോളറായി മാറിയിരിക്കുകയാണ്. അതായാത് മൂല്യത്തില്‍ 99 ശതമാനത്തോളം കുറവ്.

Tags:    

Similar News