കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് നേടാം; വേറിട്ട മാതൃകയുമായി കൈരളി അഗ്രികള്‍ച്ചര്‍ സൊസൈറ്റി
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ആദ്യത്തെ കര്‍ഷക കൂട്ടായ്മയാണിത്
കര്‍ഷക കൂട്ടായ്മയിലൂടെ കൃഷിഭൂമിയില്‍ സുസ്ഥിരമായ കൃഷി രീതികള്‍ നടപ്പാക്കികൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം നേടാനും സാധിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി നടപ്പാക്കി ഈ രംഗത്ത് വേറിട്ട മാതൃകയാകുകയാണ്. തൃശൂരിലെ കൈരളി അഗ്രിക്കള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പതിനയ്യായിരത്തോളം വരുന്ന കര്‍ഷകരുടെ 25,000 ഏക്കര്‍ കൃഷിഭൂമിയില്‍ ഏപ്രില്‍ മാസത്തോടെ ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിക്കും.
ജയ്പൂരിലെ എന്‍.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും സിയാറ്റിലെ ജി.എച്ച്.ജി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (USA) നിന്ന് ജി.എച്ച്.ജി അക്കൗണ്ടിംഗില്‍ പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റും ചിക്കാഗോ ക്ലൈമറ്റ് രജിസ്ട്രിയില്‍ നിന്ന് റിപ്പോര്‍ട്ടിംഗ് സര്‍ട്ടിഫിക്കറ്റും നേടിയ ലതീഷ് വി.കെയുടെ നേതൃത്വത്തിലുള്ള ലോകാര്‍ബണ്‍ (LOCARBON) സൊല്യൂഷന്‍സ് എന്ന ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്താണ് സൊസൈറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്. നി
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ സി.ടി.എക്‌സ് ഗ്ലോബല്‍ എക്‌സ്‌ചേഞ്ചില്‍ സൊസൈറ്റിക്ക് അംഗത്വമുണ്ട്. ഇന്ത്യയില്‍ ഈ അംഗത്വമുള്ള ആദ്യത്തെ സഹകരണ പ്രസ്ഥാനമാണ് കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ നബാര്‍ഡിന്റെ (NABARD) ഉടമസ്ഥതയിലുള്ള എ.എഫ്.സി ഇന്ത്യ (AFC INDIA) പോലുള്ള സ്ഥാപനങ്ങള്‍ സൊസൈറ്റിയെ എംപാനല്‍ ചെയ്തിട്ടുമുണ്ട്.
പത്തു ലക്ഷം ഫലവൃക്ഷത്തൈകള്‍
കര്‍ഷകര്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി സൊസൈറ്റി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പത്തു ലക്ഷം ഫലവൃക്ഷതൈകള്‍ സൊസൈറ്റി സൗജന്യമായി കര്‍ഷക സമൂഹത്തിന് നല്‍കുകയും ചെയ്യും.
2070ഓടു കൂടി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുണക്കുന്നതിനായി കാര്‍ബണ്‍ ക്രെഡിറ്റ് പ്രൊജക്റ്റിനോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദവും പ്രകൃതിദത്തവുമായ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സൊസൈറ്റി അണിനിരത്തുന്നുണ്ട്. ഹെര്‍ബല്‍ സാനിറ്ററി നാപ്കിനായ ഗ്രീന്‍ പാഡ്, പ്ലാന്റ് ബേസ്ഡ് ഹോം കെയര്‍ പ്രോഡക്ടായ ഇക്കോ ഹാര്‍വെസ്റ്റ്, നാളികേരത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായ വെര്‍ജിന്‍ പ്ലസ് എന്നിങ്ങനെ പലതരം ഉത്പന്നങ്ങളാണ് സൊസൈറ്റി നിര്‍മിക്കുന്നത്.