1,000 കോടി കമ്പനിയാകാന്‍ സിയാല്‍; കഴിഞ്ഞവര്‍ഷ ലാഭം പുത്തന്‍ ഉയരത്തില്‍

പ്രവര്‍ത്തന ലാഭം ₹521 കോടി, ഓഹരി ഉടമകള്‍ക്ക് 35% ലാഭവിഹിതം

Update: 2023-09-26 05:09 GMT

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (CIAL) 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൊത്തവരുമാനവും ലാഭവുമാണ് രേഖപ്പെടുത്തിയത്. 770.91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. ലാഭം 265.08 കോടി രൂപയും. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാല്‍ സമാഹരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലാഭവിഹിതം
ഓഹരിയുടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം നല്‍കണമെന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ യോഗം അംഗീകരിച്ചു. 167.38 കോടി രൂപയാണ് ലാഭവിഹിതം നല്‍കുന്നതിനാവശ്യമായ തുക. 25 രാജ്യങ്ങളില്‍ നിന്നായി 22,000 ഓഹരി ഉടമകളാണ് സിയാലിനുള്ളത്.
അഞ്ച് മെഗാ പ്രോജക്ടുകള്‍ക്കും ബോര്‍ഡ് അനുമതി നല്‍കി. പുതിയ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം കൂടാതെ ടെര്‍മിനല്‍ 3യുടെ വികസനത്തിനായുള്ള 500 കോടി രൂപയുടെ പദ്ധതി, ടെര്‍മിനല്‍ 2ല്‍ ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മാണം, ടെര്‍മിനല്‍ 3ന് മുന്നില്‍ കൊമേഴ്‌സ്യല്‍ സോണ്‍, ഗോള്‍ഫ് കോഴ്‌സ് പദ്ധതി എന്നിവയ്ക്കാണ് അനുമതി.
നഷ്ടത്തില്‍ നിന്ന്
2020-21ല്‍ കൊവിഡും ലോക്ക്ഡൗണും മൂലം വിമാന സര്‍വീസുകള്‍ നിലച്ചതോടെ 85.10 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സിയാല്‍ 2021-22ല്‍ 22.45 കോടി രൂപയുടെ ലാഭവുമായി ശക്തമായ തിരിച്ചു വരവ് നടത്തി.
പുതിയ വരുമാന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും സാമ്പത്തിക പുനഃക്രമീകരണം നടത്തുകയും ചെയ്തതോടെ സിയാലിന്റെ ലാഭം (നികുതിക്കു ശേഷം) 267.17 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉപകമ്പനികളെ കൂട്ടാതെ സിയാല്‍ 770.90 കോടി രൂപയുടെ വരുമാനം നേടി. തൊട്ടു മുന്‍വര്‍ഷമിത് 418.69 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23ല്‍ 521.50 കോടിയായി.
2022-23ല്‍ 89.29 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 61,232 വിമാന സര്‍വീസുകളും കൊച്ചി വഴി നടന്നു.
മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ്, ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്, ഇ.എം.ബാബു, പി.മുഹമ്മദലി, കമ്പനി സെക്രട്ടറി സജി.കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

Similar News