കടല്‍, കായല്‍ മീനുകള്‍ മാത്രമല്ല ഇനി കഴിക്കാം കേരളത്തിലെ ലാബില്‍ വളര്‍ത്തിയ ആവോലിയും നെയ്മീനും
സി.എം.എഫ്.ആര്‍.ഐ ഡല്‍ഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ധാരണയായി
മലയാളിയുടെ തീന്‍മേശയിലേക്ക് ഇനി ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മത്സ്യങ്ങളുമെത്തും. സെല്‍കള്‍ച്ചറിലൂടെ ലബോറട്ടറിയില്‍ മത്സ്യമാംസം വളര്‍ത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിന് ഡല്‍ഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ധാരണയായി. പൊതുസ്വകാര്യ പങ്കാളിത്ത രീതിയിലാണ് ഗവേഷണം.
ഉയര്‍ന്ന വിപണി മൂല്യമുള്ള കടല്‍മത്സ്യങ്ങളായ നെയ്മീന്‍, ആവോലി തുടങ്ങിയ മീനുകളുടെ കോശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഗവേഷണം നടത്തുന്നത്. മീനുകളില്‍ നിന്ന് പ്രത്യേക കോശങ്ങള്‍ വേരിതിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് കോശ അധിഷ്ഠിത വളര്‍ത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷക ഗുണങ്ങളും ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന മാംസത്തിനുണ്ടാകുമെന്ന് സി.എം.എഫ്.ആര്‍.ഐ അവകാശപ്പെടുന്നു. സമുദ്രഭക്ഷ്യവിഭവങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടല്‍മത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
മുന്‍നിരയിലേക്കെത്താന്‍
സെല്ലുലാര്‍ ബയോളജി ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി.എം.എഫ്.ആര്‍.ഐയിലെ സെല്‍കള്‍ച്ചര്‍ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുക. ജനിതക ജൈവരാസ വിശകലന പഠനങ്ങള്‍ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സി.എം.എഫ്.ആര്‍.ഐ നടത്തും. കോശവളര്‍ച്ച അനുകൂലമാക്കുന്നതടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ബയോറിയാക്ടറുകളിലൂടെ ഉല്‍പാദനം കൂട്ടുന്നതിനും നീറ്റ് മീറ്റ് ബയോടെക് നേതൃത്വം നല്‍കും.
കോശ അധിഷ്ടിത മത്സ്യമാംസ മേഖലയില്‍ സിംഗപ്പൂര്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഗവേഷണ പുരോഗതിക്കൊപ്പമെത്താന്‍ ഈ പൊതു-സ്വകാര്യ ഗവേഷണ പങ്കാളിത്തം ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.