കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 'ഷെഡ്യൂള്‍-എ' അംഗീകാരം; നവരത്‌ന പദവിയിലേക്കുള്ള ദൂരം കുറയുന്നു

ഓഹരികളില്‍ നേട്ടം; രണ്ട് വികസന പദ്ധതികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

Update:2023-08-01 12:24 IST

image:@https://cochinshipyard.in/

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 'ഷെഡ്യൂള്‍-എ' (Schedule A) പദവി സമ്മാനിച്ച് കേന്ദ്ര കപ്പല്‍, തുറമുഖ, ജലഗതാഗത മന്ത്രാലയം. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവാണ് ഈ സുപ്രധാന നേട്ടത്തിന് സഹായകമായത്.

നിലവില്‍ മിനിരത്‌ന (Mini Ratna) കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഇതോടെ നവര്തന (Nava Ratna) കമ്പനിയാകാനുള്ള ദൂരം കുറഞ്ഞു. അടുത്ത നാലുവര്‍ഷം പ്രവര്‍ത്തനത്തിലും ലാഭത്തിലും വരുമാനത്തിലും സ്ഥിരതയാര്‍ന്നതും മികച്ചതുമായ വളര്‍ച്ച നിലനിറുത്തിയാല്‍ നവരത്‌ന പദവി സ്വന്തമാക്കാനാകും.
ഷെഡ്യൂള്‍-എ പദവിയുടെ പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും ഇന്ന് നേട്ടത്തിലാണ്. ബി.എസ്.ഇയില്‍ 2.37 ശതമാനം മുന്നേറി 684.80 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 100 ശതമാനത്തിലധികം നേട്ടം (Return) ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍.
മികവിന്റെ കപ്പല്‍ശാല
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് (INS Vikratn) നിര്‍മ്മിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാവികസേനയ്ക്ക് കൈമാറിയത് പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലാണ്.
നാവികസേനയ്ക്കായി വരുംതലമുറ മിസൈല്‍ വെസലുകള്‍ നിര്‍മ്മിക്കാനുള്ള 10,000 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചു.
ലോകത്തെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസല്‍ നിര്‍മ്മിക്കാനുള്ള 550 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ നോര്‍വേയില്‍ നിന്ന് ലഭിച്ചു. യുദ്ധക്കപ്പല്‍ നവീകരിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ ജൂണിലും നേടി. കമ്പനിയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും 580 കോടി രൂപയുടെ നോര്‍വീജിയന്‍ കരാറും സ്വന്തമാക്കിയിരുന്നു. ആറ് ഡീസല്‍-ഇലക്ട്രിക് ചരക്ക് കപ്പലുകള്‍ നിര്‍മ്മിക്കാനാണിത്.
പുതിയ പദ്ധതികള്‍, പുതിയ കുതിപ്പ്
കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ഏകദേശം 21,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 304.71 കോടി രൂപയുടെ സംയോജിത ലാഭവും 2,571 കോടി രൂപയുടെ മൊത്ത വരുമാനവും കമ്പനി നേടിയിരുന്നു.
കൂടുതല്‍ ആഭ്യന്തര, വിദേശ (കയറ്റുമതി) ഓര്‍ഡറുകള്‍ ലഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്തുകയാണ് കമ്പനി. കൊച്ചിയില്‍ പുതിയ ഡ്രൈഡോക്കിന്റെ (Dry Dock) നിര്‍മ്മാണം പുരോഗമിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയായേക്കും. മൊത്തം 1,799 കോടി രൂപ ചെലുള്ളതാണ് പദ്ധതി. ഇതുവരെ 76 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി.
പ്രവര്‍ത്തനസജ്ജമായാല്‍ എല്‍.എന്‍.ജി വെസലുകള്‍, വിമാന വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍ തുടങ്ങിയവ ഇവിടെ കൈകാര്യം ചെയ്യാം. ഇതിന് പുറമേ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 970 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ (ISRF) നിര്‍മ്മാണവും പുരോഗമിക്കുന്നു. 78 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത ജൂണില്‍ പ്രവര്‍ത്തന സജ്ജമായേക്കും.
Tags:    

Similar News