ധനകാര്യ സ്ഥാപനത്തിന് ₹3 ലക്ഷം പിഴയിട്ട് കണ്‍സ്യൂമര്‍ കമ്മീഷന്‍
എറണാകുളം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്
പത്തനംതിട്ട ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ട്രേഡേഴ്‌സ് ഉടമകള്‍ക്ക് 3.05 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷന്‍. 12% പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടിയെന്ന് കാണിച്ച് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജ ആര്‍.വര്‍മ്മ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പോപ്പുലര്‍ ട്രേഡേഴ്സ് മാനേജിങ് പാര്‍ട്ടണര്‍ തോമസ് ഡാനിയേല്‍, പോപ്പുലര്‍ ഡീലേഴ്സ് പാര്‍ട്ടണര്‍ പ്രഭാ തോമസ്, റിയ ആന്‍ തോമസ്, റിനു മറിയം തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
'വിദ്യാസമ്പന്നരായവര്‍ പോലും വന്‍ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നു. ദരിദ്രരും ദുര്‍ബലരുമായവരാണ് ഇതില്‍ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നത്.ഈ മേഖലയില്‍ കൂടുതല്‍ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി.