സി.എസ്.ബി ബാങ്ക് ഓഹരികള്‍ ഇന്നും ഇടിവില്‍, കാരണം ഇതാണ്
ബാങ്കിന്റെ മൊത്തം ബിസിനസ് ₹55,000 കോടി കടന്നു, കാസ റോഷ്യോ താഴേക്ക്
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ 113 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 132 കോടി രൂപയില്‍ നിന്ന് ലാഭം 14 ശതമാനം ഇടിഞ്ഞു. ബാങ്കിന്റെ ആസ്തിനിലവാരം മോശമായതാണ് ലാഭത്തെ ബാധിച്ചത്.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 1.27 ശതമാനത്തില്‍ നിന്ന് 1.69 ശതമാനമായി. കഴിഞ്ഞ ഏഴ് പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ജി.എന്‍.പി.എ. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.32 ശതമാനത്തില്‍ നിന്ന് 0.68 ശതമാവുമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള ബാങ്കിന്റെ നീക്കിയിരിപ്പു ബാധ്യത 273 ശതമാനം വര്‍ധിച്ചു. ആസ്തി നിലവാരം കുറയുന്നത് ബാങ്കിന് ആശങ്കയാകുന്നുണ്ട്.
ബാങ്കിന്റെ മൊത്ത വരുമാനം 803 കോടി രൂപയില്‍ നിന്ന് 1,004 കോടി രൂപയായി. പലിശ വരുമാനം 683 കോടിരൂപയില്‍ നിന്ന് 832 കോടി രൂപയായും വര്‍ധിച്ചു.
ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ 5.4 ശതമാനത്തില്‍ നിന്ന് 4.36 ശതമാനമായതും ബാങ്കിന് തിരിച്ചടിയാണ്. അറ്റ പലിശ വരുമാനം (NII) 0.56 ശതമാനത്തിന്റെ നേരിയ ഇടിവോടെ 361.97 കോടി രൂപയായി. മുന്‍ വര്‍ഷത്തിലിത് 364.01 കോടി രൂപയായിരുന്നു.
നിക്ഷേപവും വായ്പകളും
ബാങ്കിന്റെ മൊത്തം ബിസിനസ് ജൂണ്‍ പാദത്തില്‍ 20 ശതമാനം വര്‍ധിച്ച് 55,019 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടി രൂപയായി. മുന്‍ വര്‍ഷമിത് 24,476 കോടി രൂപയായിരുന്നു. കാസാ അനുപാതം 30.84 ശതമാനത്തില്‍ നിന്ന് 24.90 ശതമായി കുറഞ്ഞു. ഇത് ബാങ്കിന് ക്ഷീണമാണ്. ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം സൂചിപ്പിക്കുന്ന റേഷ്യോയാണ് കാസ. വളരെ ചെലവുകുറഞ്ഞ രീതിയില്‍ ബാങ്കകുള്‍ക്ക് പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ് കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളെ കണക്കാക്കുന്നത്.
ബാങ്കിന്റെ വായ്പകള്‍ ഇക്കാലയളവില്‍ 18 ശതമാനം വര്‍ധനയോടെ 25,099 കോടി രൂപയായി. മുന്‍ വര്‍ഷമിത് 21,307 കോടി രൂപയായിരുന്നു. മൊത്തം വായ്പകളില്‍ 50 ശതമാനവും സ്വര്‍ണ പണയ വായ്പകളാണ്. മുന്‍ വര്‍ഷത്തെ 10,655 കോടി രൂപയില്‍ നിന്ന് സ്വര്‍ണ വായ്പകള്‍ 12,487 കോടി രൂപയായി. 24 ശതമാനമാണ് വര്‍ധന.
ഓഹരികള്‍ ഇടിവില്‍
ഇന്നലെ ബാങ്ക് ഫലപ്രഖ്യാപനം നടത്തിയതിനു ശേഷം ഓഹരികള്‍ ഇടിവിലാണ്. ഇന്നലെ 3.73 ശതമാനം വില ഇടിഞ്ഞ ഓഹരി ഇന്നും നാല് ശതമാനത്തിലധികം താഴ്ന്നു. ഓഹരി 3.99 ശതമാനം താഴ്ന്ന് 330.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 11 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഈ വര്‍ഷം ഇതു വരെ ഓഹരി നല്‍കിയിട്ടുള്ളത് 20.79 ശതമാനം നഷ്ടവും.