മന്ത്രിയുടെ പ്രഖ്യാപനം പാഴായി, കാലിത്തീറ്റക്ക് വില വര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍ കമ്പനി

50 കിലോയുടെ ചാക്കൊന്നിന് 30 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്

Update: 2023-08-07 03:44 GMT

Image : canva

നിരവധി പ്രതിസന്ധികളാൽ നട്ടംതിരിയുന്ന ക്ഷീരമേഖലയ്ക്ക് ഇരുട്ടടിയായി കാലിത്തീറ്റക്ക് വില വർധിപ്പിച്ച് സർക്കാർ കമ്പനിയായ കേരള ഫീഡ്സ് ലിമിറ്റഡ്. 50 കിലോയുടെ ചാക്കൊന്നിന് 30 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. ഇതോടെ കാലിത്തീറ്റ വില വർധന നിയന്ത്രിക്കുമെന്ന മന്ത്രി ജെ.ചിഞ്ചു റാണി നിയമസഭയിൽ നടത്തിയ പ്രഖ്യാപനം പാഴായി. എലൈറ്റ്, മിടുക്കി, ഡയറി റിച്ച്, നിറവ് എന്നീ പേരുകളിൽ കെ.എഫ്.എൽ  ഉൽപാദിപ്പിക്കുന്ന കാലിത്തീറ്റകൾക്കാണ് വില കൂട്ടിയത്. ഇക്കഴിഞ്ഞ അഞ്ച് മുതൽ വില വർധന നിലവിൽ വന്നു. ഇതോടെ എലൈറ്റ് ഒരു ചാക്കിന് 1,520 രൂപയായി. പരമാവധി വിൽപന വില (എം.ആർ.പി). മിടുക്കിക്ക് 1,420, ഡയറി റിച്ചിന് 1,460, നിറവിന് 1,665 രൂപയുമാണ് പുതുക്കിയ വില. 30 രൂപ വീതമാണ് ഓരോന്നിനും കൂട്ടിയത്.

പല തവണയായി വർധന 

കഴിഞ്ഞ വർഷം 1,100 രൂപ ആയിരുന്നതാണ് പലതവണയായി വർധിച്ച് ഇത്രയുമായത്. കർഷകർക്ക് ലിറ്ററിന് നാല് രൂപ നിരക്കിൽ ഇൻസെൻ്റീവ് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ 230 രൂപയോളം ഒറ്റയടിക്ക് വർധിപ്പിച്ചിരുന്നു. തുടർന്ന് പലഘട്ടങ്ങളായുള്ള വർധനയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധന തുടരുന്നതിനാലാണ് കാലിത്തീറ്റ വില കൂട്ടിയതെന്നാണ് കമ്പനി വിശദീകരണം.

ചെലവ് താങ്ങാനാകാതെ കർഷകർ 

ഇതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് പശുക്കളെ ഒഴിവാക്കിയതും മന്ത്രി തന്നെ പ്രഖ്യാപിച്ച ഇൻസെൻ്റീവ് ലഭിക്കാത്തതും അടക്കമുള്ള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാ
ണ് ഈ 
വിലവർധന.
ഗുണനിലവാരമില്ലാത്ത പശുക്കളുടെ പരിപാലനവും അവയിലെ രോഗങ്ങളും ഉണ്ടാക്കിയ അധികച്ചെലവ് ചെറുതല്ല. കാലികൾക്കുള്ള മരുന്നുകളുടെ വിലയിൽ 25 ശതമാനം വർധനയാണ് വർഷംതോറും ഉണ്ടാകുന്നത്. പാൽ ഉൽപാദനം ഇടിഞ്ഞു. ഇത്തരത്തിൽ പ്രതിസന്ധി വളർന്നതോടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 30 ശതമാനം പേരാണ് മേഖലയിൽ നിന്ന് പിന്മാറിയത്. ഈ സാഹചര്യത്തിൽ നിലനിൽപ്പിന് ഇൻസെൻ്റീവ് പദ്ധതിയെങ്കിലും കാര്യക്ഷമമാക്കണം എന്നാണ് കർഷകരുടെ ആവശ്യം. വില വർധന തുടർന്നാൽ ക്ഷീരമേഖല പൂർണമായും തകരും എന്ന ആശങ്കയിലാണ് കർഷകർ.
Tags:    

Similar News