വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഇരട്ട ഷോക്കായി വെള്ളക്കരവും കൂട്ടുന്നു

150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 82 രൂപ കൂടും, എല്ലാ വര്‍ഷവും നിരക്ക് കൂട്ടുമെന്ന്‌ മന്ത്രി

Update:2023-11-03 11:24 IST

Image : Canva

വിലക്കയറ്റത്താലും സാമ്പത്തിക ഞെരുക്കത്താലും പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയായി സംസ്ഥാനത്ത് പിന്നെയും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് പൈസ കൂടും. 100 യൂണിറ്റില്‍ താഴെ വരെ ഉപയോഗമുള്ളവരുടെ നിരക്ക് 10 ശതമാനം വര്‍ധിക്കും. 101 മുതല്‍ 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് 15 പൈസ അധികമാകും. 151 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ കൂടും.

ഇരുട്ടടി ഇങ്ങനെ 
പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് 82 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുക. നിലവില്‍ 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 604.92 രൂപയാണ് എനര്‍ജി ചാര്‍ജായി നല്‍കേണ്ടത്. പുതിയ വര്‍ധനയോടെ ഇത് 728 രൂപയാകും. രണ്ട് മാസത്തെ ബില്ലില്‍ എനര്‍ജി ചാര്‍ജ് മാത്രം 246 രൂപയാകും. ഇതുകൂടാതെ ഫിക്‌സഡ് ചാര്‍ജും ഇന്ധന സര്‍ചാര്‍ജും നല്‍കണം.
യൂണിറ്റിന് 41 പൈസ വരെ വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതെങ്കിലും റഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചില്ല.

കാര്‍ഷിക മേഖലയില്‍ 20 മുതല്‍ 30 പൈസ വരെയാണ് വര്‍ധന. കാര്‍ഷിക ഫാമുകള്‍ക്ക് 35 പൈസയും കൂട്ടി. റെയില്‍വേയ്ക്ക് 20 പൈസയും മെട്രോയ്ക്ക് 5 പൈസയും കൂട്ടി. പുറത്തു നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ക്രോസ് സബ്‌സിഡി നിരക്കും കൂട്ടി.

വെള്ളത്തിനും ഷോക്ക്

വൈദ്യുതിക്കൊപ്പം വെള്ളക്കരം കൂടി വര്‍ധിപ്പിച്ച് പൊതു ജനങ്ങള്‍ക്ക് ഇരട്ട ഷോക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഏപ്രില്‍ ഒന്നു മുതല്‍ വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്. ഇത് പ്രാബല്യത്തിലായാല്‍ പ്രതിമാസ ബില്ലില്‍ 60 രൂപ വരെ കൂടും. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 ശതമാനം വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം.
Tags:    

Similar News