സ്വപ്‌നതീരമടുത്ത് വിഴിഞ്ഞം തുറമുഖം; ആദ്യ മദര്‍ഷിപ്പ് 12നെത്തും, നിക്ഷേപത്തിനൊരുങ്ങി വമ്പന്‍ ഷിപ്പിംഗ് കമ്പനികള്‍
തുറമുഖത്തിന്റെ ലൊക്കേഷന്‍ കോഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ മദര്‍ഷിപ്പ് ഈ മാസം 12നെത്തും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും വരുന്ന കപ്പലിന് വന്‍ സ്വീകരണമൊരുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും വലിയ മദര്‍ഷിപ്പുകളിലൊന്നാണ് ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറമുഖത്തെത്തുന്നത്. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുറമുഖം സജ്ജമായി. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. തുറമുഖത്തിന്റെ ഉദ്ഘാടനം ഓണക്കാലത്ത് തന്നെയുണ്ടാകുമെന്നാണ് സൂചനകള്‍.
ഷിപ്പിംഗ് കമ്പനികള്‍ റെഡി
ഷിപ്പിംഗ് രംഗത്തെ പ്രമുഖ കമ്പനികളായ എം.എസ്.സി (Mediterranean Shipping Company), മെര്‍സ്ക്ക് (Maersk), എ.പി.എം ടെര്‍മിനല്‍, ഹപ്പാഗ്-ലോയ്ഡ് (Hapag-Lloyd) തുടങ്ങിയവര്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇത്തരം കമ്പനികളെത്തുന്നത് ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറാനുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത വെളിവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിഴിഞ്ഞത്തെത്തും. നാല് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
IN NYY 1 - ലൊക്കേഷന്‍ കോഡായി
ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും പേരുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത് വിഴിഞ്ഞം തുറമുഖത്തിന് ലൊക്കേഷന്‍ കോഡും തയ്യാറായി. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലൊക്കേഷന്‍ കോഡ് അനുവദിക്കുന്നത്. നേരത്തെ വിഴിഞ്ഞത്തുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിന്റെ ചുരുക്കെഴുത്തായ VIZ എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിഴിഞ്ഞം നെയ്യാറ്റിന്‍കര താലൂക്കിന്റെ ഭാഗമായതുകൊണ്ട് IN NYY 1 എന്നാക്കുകയായിരുന്നു. രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്.