99 രൂപ ടിക്കറ്റിലൂടെ ശ്രദ്ധേയമായ ഫ്‌ളിക്‌സ്ബസ് കേരളത്തിലേക്കും, ഈ റൂട്ടുകളില്‍ സര്‍വീസ്

സെപ്റ്റംബര്‍ ആദ്യ വാരം ദക്ഷിണേന്ത്യയില്‍ സര്‍വീസ് തുടങ്ങിയ കമ്പനി കൂടുതല്‍ നഗരങ്ങളിലേക്ക് കടക്കുകയാണ്

Update:2024-10-04 12:29 IST

ബംഗളൂരുവില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് 99 രൂപയ്ക്ക് സര്‍വീസ് നടത്തി യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച ജര്‍മന്‍ ബസ് കമ്പനിയായ ഫ്‌ളിക്‌സ്ബസ് (FlixBus) കേരളത്തിലേക്കും എത്തുന്നു. ദക്ഷിണേന്ത്യയില്‍ സര്‍വീസ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്.

വെറും 99 രൂപയ്ക്ക് നാട്ടിലെത്താവുന്ന ബസ് സര്‍വീസുകള്‍ കേരളത്തിലേയ്ക്കുമുണ്ടാകുമോ എന്നതിനെ ചൊല്ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ടാണ് ഇപ്പോള്‍ ഫിള്ക്‌സ് ബസ് എത്തുന്നത്.

ആദ്യം ഈ ജില്ലകളിലേക്ക്

ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് ഫ്‌ളിക്‌സ്ബസ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയെയും ആലപ്പുഴയെയും ബന്ധിപ്പിച്ചുകൊണ്ടാകും ആദ്യ സര്‍വീസുകള്‍  എന്നാണ് സൂചന.
നാല് ബസുകളാകും സര്‍വീസ് നടത്തുക. ഒരു ദിശയിലേക്ക് ഒരു സര്‍വീസ് എന്ന രീതിയിലാകുമിത്. കേരളത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാനുള്ള മാര്‍ഗമാണ് ഇതോടെ തുറക്കുന്നത്. കൊച്ചി, ആലപ്പുഴ എന്നിവ കൂടാതെ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും സര്‍വീസ് നടത്തുന്നത് കമ്പനി പരിഗണിക്കുന്നുണ്ട്.
വിവിധ പ്രാദേശിക ബസ് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തത്തിന് ഫ്‌ളിക്‌സ്ബസ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ പ്രത്യേക ഓഫറുകളൊന്നും ടിക്കറ്റില്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും തുടക്കം മുതല്‍ ഏറ്റവും മത്സരക്ഷമമായ വിലയിലാകും ടിക്കറ്റുകള്‍ ലഭ്യമാക്കുക എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ആശങ്കകള്‍ നീക്കി കടന്നു വരവ് 

ഫ്‌ളിക്‌സ് ബസ് ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പങ്കുവച്ച പോസ്റ്റ് കേരളത്തില്‍ വലിയ ശ്രദ്ധേ നേടിയിരുന്നു. കുത്തക ബസ് സര്‍വീസുകള്‍ക്കെതിരെ കേരളത്തില്‍ സമരം ഉണ്ടാകുമോ എന്ന് പേടിച്ച് ജര്‍മന്‍ കമ്പനി കേരളത്തെ റൂട്ടില്‍ നിന്ന് ഒഴിവാക്കുമോ എന്ന് ഭയക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. നിരവധി പേരാണ് ഇതില്‍ പ്രതികരണമറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ ഫ്‌ളിക്‌സ് ബസില്‍ യാത്ര ചെയ്ത അനുഭവങ്ങളും ധാരാളം പേര്‍ പോസ്റ്റിന് താഴെ പങ്കുവച്ചിരുന്നു.

എന്താണ് ഫ്‌ളിക്‌സ് ബസ്?

ദീര്‍ഘദൂര ബസ് യാത്രകള്‍ക്കായി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ ആരംഭിച്ച ട്രാവല്‍ ടെക്-കമ്പനിയാണ് ഫ്‌ളിക്‌സ് ബസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച ഫ്‌ളിക്‌സ് ബസ് 2024 ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തുന്നത്. കമ്പനി സര്‍വീസ് നടത്തുന്ന 43-ാമത്തെ രാജ്യമാണ് ഇന്ത്യ.
കഴിഞ്ഞ മാസമാണ് ദക്ഷിണേന്ത്യയിലെ 33 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആറ് പുതിയ റൂട്ടുകള്‍ ഫ്‌ളിക്‌സ്ബസ്  പ്രഖ്യാപിച്ചത്. നിലവില്‍ 101 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 200 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. 
Tags:    

Similar News