റെക്കോഡിൽ നിലയുറപ്പിച്ചു സ്വർണം, വെള്ളിക്കും അനക്കമില്ല

മൂന്ന് ദിവസത്തെ തുടർച്ചയായ മുന്നേറ്റത്തിനാണ് ഇന്ന് ഇടവേള നല്‍കിയത്‌

Update:2024-10-05 10:18 IST

സംസ്ഥാനത്ത് എക്കാലത്തെയും ഉയരത്തിൽ എത്തിയ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന്  7,120 രൂപയിലും പവന്  56,960 രൂപയിലുമാണ് ഇന്ന് വ്യാപാരം. 

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിനാണ് താത്കാലിക വിരാമമിട്ടത്. മൂന്നു ദിവസം കൊണ്ട് പവന്‍ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,885 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ  ഗ്രാമിന് 100 രൂപയിലെത്തിയ വെള്ളി വിലയിലും  ഇന്ന്  മാറ്റമില്ല. 

യുദ്ധഭീതിയും ഡോളറും

യുദ്ധഭീതിയും ഡോളറിന്റെ മുന്നേറ്റവും അമേരിക്കന്‍ പലിശ നിരക്ക് കുറവിനുള്ള സാധ്യതകളുമൊക്കെ രാജ്യാന്തര സ്വര്‍ണ വിലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഉയർന്ന വിലയിൽ ലാഭമെടുപ്പ് തുടങ്ങിയത് വില ഇടിച്ചു. ഇന്നലെ ഔണ്‍സിന് വില 0.10 ശതമാനം ഇടിഞ്ഞ് 2,653 ഡോളര്‍ വരെ താഴ്ന്നിരുന്നു. 

 ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില

ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,655 രൂപയ്ക്ക് അടുത്ത് വേണ്ടി വരും ഒരു പവൻ സ്വർണ ആഭരണം വാങ്ങാൻ. പണിക്കൂലി 10 ശതമാനം കൂട്ടിയാല്‍ വില 64,589 രൂപയാകും. ആഭരങ്ങളുടെ ഡിസൈൻ അനുസരിച്ചു പണിക്കൂലിയിൽ  വ്യത്യാസം വരും.


Tags:    

Similar News