കേരളത്തില്‍ റെക്കോഡ് പുതുക്കി സ്വര്‍ണം, നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിക്ക് വീണ്ടും സെഞ്ച്വറി
യുദ്ധഭീതിയും ഡോളറിന്റെ മുന്നേറ്റവും സ്വര്‍ണം ചെലവേറിയതാക്കുന്നു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില പുതിയ ഉയരം തൊട്ടു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,120 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 56,960 രൂപയുമായി. ഇന്നലെ കുറിച്ച റെക്കോഡാണ് സ്വര്‍ണം ഇന്ന് തിരുത്തിയെഴുതിയത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില മുന്നേറ്റം കാഴ്ച വെക്കുന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 50 രൂപ കയറിയ സ്വര്‍ണ വില ഇന്നലെയും ഇന്നും 10 രൂപ വീതവും ഉയര്‍ന്നു. അതായത്, മൂന്നു ദിവസം കൊണ്ട് പവന്‍ വിലയില്‍ 560 രൂപയുടെ വര്‍ധന.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 5 രൂപ കൂടി ഗ്രാമിന് 5,885 രൂപയിലെത്തി.
വെള്ളി വില വീണ്ടും സെഞ്ച്വറിയിൽ
വെള്ളി വില ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയെത്തി. ഇത് രണ്ടാം തവണയാണ് വെള്ളി വില കേരളത്തില്‍ നൂറു രൂപയിലെത്തുന്നത്.
മേയ് 22നാണ് ഇതിനു മുന്‍പ് കേരളത്തില്‍ വെള്ളി വില ഗ്രാമിന് 100 രൂപ തൊട്ടത്. മികച്ച ഡിമാന്‍ഡിന്റെ പുറത്താണ് വെള്ളി വില കൂടുന്നത്. വെള്ളിയാഭരണങ്ങള്‍, പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വെള്ളി വില വര്‍ധന തിരിച്ചടിയാണ്.
യുദ്ധ ഭീതിയും ഡോളറും
യുദ്ധ ഭീതിയും ഡോളറിന്റെ മുന്നേറ്റവും അമേരിക്കന്‍ പലിശ നിരക്ക് കുറവിനുള്ള സാധ്യതകളുമൊക്കെയാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. അതേസമയം, രാജ്യാന്തര വിലയില്‍ വില്‍പ്പന സമ്മര്‍ദ്ദം പിടിമുറുക്കിയതോടെ വില താഴേക്ക് പോയിരുന്നു. ഇന്നലെ ഔണ്‍സിന് വില 0.07 ശതമാനം ഇടിഞ്ഞ് 2,655 ഡോളര്‍ വരെ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും 0.25 ശതമാനം കയറി 2,662 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് യു.എസിലെ കാര്‍ഷികേതര പേ റോള്‍ കണക്കുകള്‍ പുറത്തുവരുന്നത് നിക്ഷേപകരെ ജാഗ്രതയോടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനകള്‍ സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറാന്‍ യുദ്ധം പോലുള്ള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ ഇടയാക്കും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില
ഉത്സവകാല പര്‍ച്ചേസുകാര്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും സ്വര്‍ണ വിലയിലെ ഉയർച്ച തിരിച്ചടിയാണ്. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,655 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. പണിക്കൂലി 10 ശതമാനം കൂട്ടിയാല്‍ വില 64,589 രൂപയാകും.