വിദേശ നിര്‍മിത മദ്യം കൈപൊള്ളിക്കും: 12 ശതമാനം വരെ വില കൂടും

ഒക്ടോബര്‍ മൂന്നു മുതല്‍ പ്രാബല്യത്തില്‍

Update:2023-09-26 18:51 IST

സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ബെവ്‌കോ വെയര്‍ഹൗസ് മാര്‍ജിന്‍ ഫീസ് വര്‍ധിപ്പിച്ചതാണ് കാരണം. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്നും 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഷോപ്പ് മാര്‍ജിന്‍ ആറ് ശതമാനം മാത്രം മതിയെന്ന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് വിദേശ നിര്‍മിത മദ്യത്തിന്റ വിലയില്‍ 12 ശതമാനം വരെ വര്‍ധനയുണ്ടാകും.
ഇന്ത്യന്‍ നിര്‍മിത വിദ്യേശ മദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി ഒമ്പത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും തുക ബെവ്‌കോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് വിദേശ നിര്‍മിത മദ്യങ്ങള്‍ക്കും മാര്‍ജിനുയര്‍ത്താന്‍ തീരുമാനിച്ചത്.

 എന്നാല്‍ കേരളത്തില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പന കുറവായതിനാല്‍ വിപണിയില്‍ വിലവര്‍ധന വലിയതോതില്‍ പ്രതിഫലിക്കില്ല. മൊത്തം വില്‍പ്പനയുടെ 0.25 ശതമാനം മാത്രമാണ് വിദേശ മദ്യത്തിന്റെ വില്‍പ്പന.
2022-23 സാമ്പത്തിക വർഷത്തിൽ 150.58 കോടി രൂപയുടെ വിദേശ നിർമിത മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. സമാന കാലയളവിൽ ബെവ്കോയുടെ മൊത്തം മദ്യ വിൽപ്പന 18,511.92 കോടി രൂപയുടേതാണ്.
അതേസമയം, വിദേശ നിര്‍മിത വൈനുകളുടെ മാര്‍ജിനും കേരള സര്‍ക്കാര്‍ 5-6 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.
Tags:    

Similar News