കേരളത്തില്‍ ഉയരം കൈവിട്ട് സ്വര്‍ണം, ഇന്ന് കുറവ് ഇങ്ങനെ; പ്രയോജനപ്പെടുത്താന്‍ എന്തു ചെയ്യണം?
വിവാഹപര്‍ച്ചേസുകാര്‍ക്ക് നേരിയ ആശ്വാസം
സ്വര്‍ണത്തിന്റെ രാജ്യാന്തര വില റെക്കോഡ് നിലവാരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങിയത് കേരളത്തിലും വിലയില്‍ കുറവുണ്ടാക്കി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,680 രൂപയും പവന് 240 രൂപ താഴ്ന്ന് 53,440 രൂപയിലുമാണ് വ്യാപാരം. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 400 രൂപ ഉയര്‍ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ താഴ്ന്ന് 5,530 രൂപയായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 92 രൂപയില്‍ തുടരുകയാണ്.
വില ഉയരുമോ?
അമേരിക്ക സെപ്റ്റംബറില്‍ തന്നെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ ദിവസം റെക്കോഡ് തൊട്ടത്. ഇന്നലെ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്‌സും യു.എസിലെ തൊഴില്‍ കണക്കും പുറത്തു വന്നിരുന്നു. മാന്ദ്യസാധ്യത തള്ളുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. ഇത് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും എത്ര ശതമാനമാകും കുറയ്ക്കുക ന്നതാണ് ഇപ്പോഴത്തെ ആശങ്ക. നാളെ നടക്കുന്ന ജാക്‌സണ്‍ഹോള്‍ ഉച്ചകോടിയില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ഇതേ കുറിച്ച് വ്യക്തമാക്കുമെന്നാണ് വിപണി കരുതുന്നത്. അതാണ് സ്വര്‍ണത്തില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്. കൃത്യമായ സൂചനകള്‍ ലഭ്യമായ ശേഷം സ്വര്‍ണ വില വീണ്ടും മുന്നേറാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. എ
വിലക്കയറ്റം മറികടക്കാന്‍
വിവാഹപര്‍ച്ചേസുകാര്‍ക്കും ഓണത്തോടനുബന്ധിച്ച് സ്വർണം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ചെറിയ ആശ്വാസമാണ് ഇന്നത്തെ വിലക്കുറവ്. സ്വര്‍ണ വില താഴ്ന്ന് നില്‍ക്കുമ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നതാണ് വിലക്കയറ്റം മറികടക്കാനുള്ള മാര്‍ഗം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് ഇന്നത്തെ വിലയ്ക്ക് നിങ്ങള്‍ സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, ആറു മാസം കഴിഞ്ഞാണ് വാങ്ങുന്നതെന്നും കരുതുക. അന്ന് പവന്‍ വില 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും.