പിടിതരാതെ പൊന്നിന്‍ കുതിപ്പ് തുടരുന്നു, റെക്കോഡുകള്‍ തകര്‍ത്ത് ഗ്രാം വില ₹7,000ലേക്ക്‌

അന്താരാഷ്ട്ര സ്വര്‍ണ വിലയിലും പുതിയ റെക്കോഡ്, അനക്കം വിടാതെ വെള്ളി

Update:2024-09-23 10:30 IST

സംസ്ഥാനത്ത് ഇന്നും പുതിയ റെക്കോഡ് തൊട്ട് സ്വര്‍ണം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,980 രൂപയും പവന് 160 രൂപ വര്‍ധിച്ച് 55,840 രൂപയുമായി. ശനിയാഴ്ചത്തെ റെക്കോഡാണ് ഇതോടെ മറികടന്നത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 10 രൂപ വര്‍ധിച്ച് ഗ്രാമിന് 5,785 രൂപയായി. വെള്ളി വില ഇന്നും അനങ്ങിയില്ല. ഗ്രാമിന് 96 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

അന്താരാഷ്ട്ര വില പറക്കുന്നു 

ഇന്നലെ 0.06 0.06 ശതമാനത്തിന്റെ നേരിയ കുറവ് രേഖപ്പെടുത്തിയ അന്താരാഷ്ട്ര വില ഇന്ന് ഔണ്‍സിന് 2,631.19 ഡോളറിലെത്തി റെക്കോഡിട്ടു. ഇതാണ് കേരളത്തിലും വലിയെ ബാധിച്ചത്.
യു.എസ് ഫെഡറല്‍ റിസര്‍വ് അര ശതമാനം പലിശ കുറച്ചതും 2026നുള്ളില്‍ പല തവണ ഇനിയും നിരക്ക് കുറച്ചേക്കാമെന്നുള്ള പ്രതീക്ഷകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിക്കുന്നതോടെ കടപ്പത്രങ്ങളും സേവിംഗ്‌സ് അക്കൗണ്ടും അടക്കമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ താഴേക്ക് പോകും. ഇത് പൊതുവേ സ്വര്‍ണത്തിനോടുള്ള താതപര്യം വര്‍ധിപ്പിക്കും.
അതിലുപരി നിരക്ക് കുറയുന്നത് ഡോളര്‍ ദുര്‍ബലമാകാനും കാരണമാകും. സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത് ഡോളറിലായിതിനാല്‍ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ സ്വര്‍ണം വാങ്ങാനാകും. ഇത് ആഗോള ഡിമാന്‍ഡും വിലയും ഉയര്‍ത്തും.  കേരളത്തിലും  സമീപ ഭാവിയില്‍ വില ഉയരാനുള്ള സാധ്യതയാണ് 
ഇത്
 നല്‍കുന്നത്.

60,000 കടന്ന് ആഭരണ വില

സ്വര്‍ണ വില ഉയരുന്നത് വിവാഹങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,840 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,444 രൂപ വേണ്ടി വരും. അതായത് ഒരു പവന്‍ ആഭരണത്തിന്റെ വിലയേക്കാള്‍ 4,160 രൂപയെങ്കിലും അധികമായി കൈയില്‍ കരുതേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരാറുണ്ട്. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് 18 ശതമാനം വരെയൊക്കെയാണ് പണിക്കൂലി.
Tags:    

Similar News