സ്വര്‍ണത്തില്‍ അമേരിക്കന്‍ ചാഞ്ചാട്ടം, കേരളത്തില്‍ വില വീണ്ടും താഴോട്ട്
വെള്ളി വില ഇന്ന് നിശ്ചലം
സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില ഇടിവില്‍. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,770 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 54,160 രൂപയിലുമാണ് വ്യാപാരം. നാല് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 840 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5,625 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 96 രൂപയില്‍ തുടരുന്നു.
വില ഇടിവിന് കാരണം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മൂലം രാജ്യാന്തര സ്വര്‍ണ വില ചാഞ്ചാട്ടത്തിലായതാണ് കേരളത്തിലും പ്രതിഫലിച്ചത്.
യു.എസ് പ്രസിഡന്റെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നുള്ള ജോ ബൈഡന്റെ പിന്മാറ്റം രാഷ്ട്രിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ ചിത്രം ലഭിക്കും വരെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനങ്ങള്‍. നിലവില്‍ ഔണ്‍സിന് 0.16 ശതമാനം ഉയര്‍ന്ന് 2,404.94 ഡോളറിലാണ് വ്യാപാരം.