കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്, അന്താരാഷ്ട്ര വിലയും മുന്നേറ്റത്തില്‍
വെള്ളി വിലയും വര്‍ധിക്കുകയാണ്
ഇന്ന് (ജൂണ്‍ 22 ശനി) സ്വര്‍ണവിലയില്‍ വന്‍കുറവ് (details)
കേരളത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ മുന്നേറ്റം. ഒറ്റദിവസം കൊണ്ട് ഗ്രാം വില 75 രൂപ വര്‍ധിച്ച് 6,715 രൂപയിലെത്തി. പവന് 600 രൂപ വര്‍ധിച്ച് 53,720 രൂപയുമായി. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ പവന്‍ വിലയിലുണ്ടായിരിക്കുന്നത് 760 രൂപയുടെ വര്‍ധന. കേരളത്തില്‍ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും 65 രൂപ ഉയര്‍ന്ന് ഗ്രാമിന് 5,590 രൂപയായി. വെള്ളി വിലയും ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 96 രൂപയിലെത്തി.
പലിശ കുറയ്ക്കൽ പ്രതീക്ഷയിൽ
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ ഉടന്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ ബലപ്പെട്ടതാണ് ആഗോള സ്വര്‍ണ വിലയ്‌ക്കൊപ്പം കേരളത്തിലും മുന്നേറ്റമുണ്ടായത്. ഇന്നലെ ആഗോള സ്വര്‍ണ വില ഔണ്‍സിന് 2,327.30 ഡോളറില്‍ നിന്ന് 1.38 ശതമാനം വര്‍ധിച്ച് 2,359.63 രൂപയിലെത്തി. ഇന്ന് 0.13 ശതമാനം ഉയര്‍ന്ന് 2,363.27ലാണ് വ്യാപാരം നടക്കുന്നത്.
യു.എസ് പുറത്തുവിട്ട ഇക്കണോമിക് ഡേറ്റ ദുര്‍ബലമായിരുന്നു. ഇത് പലിശ നിരക്ക് ഈ വര്‍ഷം തന്നെ കുറയ്‌ക്കുന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. പലിശ നിരക്കുകള്‍ കുറയുന്നത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
എന്നാല്‍ അമേരിക്കന്‍ പ്രശ്‌നങ്ങളോ, പലിശ നിരക്ക് സംബന്ധിച്ച വാര്‍ത്തകളോ, ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം വാങ്ങല്‍ നിറുത്തിയതോ ഒന്നുമല്ല സ്വര്‍ണ വിലയെ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എസ്.അബ്ദുള്‍ നാസര്‍ പറഞ്ഞു.
കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ വില ഉയരുമ്പോള്‍ ലാഭം എടുക്കുകയും 30-40 ഡോളര്‍ കുറയുമ്പോള്‍ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാല്‍ വില നിലവാരം വലുതായി കുറയുന്നില്ലെന്നും സാങ്കേതികമായി സ്വര്‍ണ വില ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 53,720 രൂപയാണ്. ഇതോടൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ്, എന്നിവ ചേരുമ്പോഴേ ഒരു പവന്‍ ആഭരണത്തിന്റെ വിലയാകൂ. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യസ്‌തമാണ്. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍, നികുതികളുമടക്കം ഇന്ന് ഏറ്റവം കുറഞ്ഞത് 58,151 രൂപ കൊടുത്താലെ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.