വിശ്രമം കഴിഞ്ഞു, വീണ്ടും റോക്കറ്റിലേറി സ്വര്‍ണം; എട്ട് ദിവസത്തിനിടെ 2,200 രൂപയുടെ വര്‍ധന

സെഞ്ച്വറിക്കരികെ ഇരിപ്പുറപ്പിച്ച് വെള്ളി വില

Update:2024-09-27 10:14 IST

Image : Canva

ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്‌ 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 7,100ലും പവന്‍ വില 56,800ലുമെത്തി. കേരളത്തിലെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 20 മുതല്‍ കുതിപ്പ് തുടരുന്ന സ്വര്‍ണം ഇതുവരെ പവന് 2,200 രൂപയുടെ വര്‍ധനയാണ് നേടിയത്.

18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 30 രൂപ വര്‍ധിച്ച് 5,870 രൂപയിലെത്തി. അതേ സമയം സ്വര്‍ണ വില ഇന്നും 99 രൂപയില്‍ തുടരുന്നു.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു.

യുദ്ധഭീതിയിൽ ഉയർച്ച 

ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം കടുത്തതാണ് ഇപ്പോള്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. ലെബനനില്‍ വെടിനിര്‍ത്തലിനായി യു.എസിന്റെ നേതൃത്വത്തിലെ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയ ഇസ്രായേല്‍ ഹിസ്ബുള്ളക്കെതിരെ പോരാട്ടം ശക്തമാക്കുകയാണ്. യുദ്ധ സമാന സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ചേക്കേറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. ഇത് വില ഉയര്‍ത്തുകയും ചെയ്യും.
ഇന്നലെ ഔണ്‍സിന് 2,685.96 ഡോളറെന്ന റിക്കോഡ് തൊട്ട സ്വര്‍ണം പിന്നീട് 2,670 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് 2,673 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണം ഒഴിവാക്കേണ്ട അവസ്ഥ

വിവാഹ പര്‍ച്ചേസുകാരും മറ്റുമാണ് ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങേണ്ടി വരുന്നത്. നിലവിലെ വില കുതിപ്പില്‍ പലരും സ്വര്‍ണത്തെ ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61, 500 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.



Tags:    

Similar News