സ്വര്‍ണത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം; വിവാഹ പര്‍ച്ചേസുകാര്‍ക്ക് ആശ്വാസം, കേരളത്തില്‍ വില കുറയുന്നു

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല

Update:2024-08-23 10:33 IST

Image : Canva

ഓണവും വിവാഹ സീസണും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,660 രൂപയായി. പവന്‍ വില 160 താഴ്ന്ന് 53,280 രൂപയിലുമെത്തി. രണ്ട് ദിവസം കൊണ്ട് പവന് 400 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,530 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 92 രൂപയില്‍ തുടരുന്നു.
അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും ട്രഷറി നിക്ഷേപങ്ങളിലെ നേട്ടം ഉയര്‍ന്നതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തെ വില്‍പ്പന സമ്മര്‍ദ്ദത്തിലാക്കി. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്.
ഇന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്താനിരിക്കുന്ന പ്രസംഗത്തിനായി കാതോര്‍ത്തിരിക്കുകയാണ് വിപണി. സെപ്റ്റംബറില്‍ പലിശ കുറയ്ക്കുമെന്ന ഉറപ്പ് ഇന്ന് ലഭിച്ചാല്‍ സ്വര്‍ണം വീണ്ടും മുന്നേറ്റത്തിലാക്കിയേക്കും. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ ആകര്‍ഷകമല്ലാതാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും.
ഇന്നലെ ഔണ്‍സിന് 0.97 ഡോളര്‍ താഴ്ന്ന് 2,487.66 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 0.24 ശതമാനം ഉയര്‍ന്ന് 2,493.62 ലെത്തിയിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 53,280 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക പോര. പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 57,675 രൂപയെങ്കിലും നല്‍കണം. സ്വര്‍ണ വില കുറയുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. മിക്ക ജുവലറികളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Tags:    

Similar News