സ്വര്‍ണസഞ്ചാരം അത്യുന്നതങ്ങളില്‍, ഇന്ന് വമ്പന്‍ കയറ്റം; യുദ്ധഭീതിക്കിടയില്‍ ആറു ദിവസം കൊണ്ട് കൂടിയത് 1,880 രൂപ
അനുദിനം റെക്കോഡ് പുതുക്കി അന്താരാഷ്ട്ര വില, കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കണം 61,000ത്തിന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണ വില അത്യുന്നതങ്ങളിലേക്കുള്ള സഞ്ചാരത്തിലാണ്. ഇന്ന് ഒറ്റയടിക്ക് ഗ്രാം വില 60 രൂപയാണ് വര്‍ധിച്ചത്. വില 7,060ലെത്തി. പവന്‍ വില 480 രൂപ വര്‍ധിച്ച് 56,480 രൂപയുമായി.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 5,840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.
തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് സ്വര്‍ണ വില കേരളത്തില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ആറ് ദിവസംകൊണ്ട് പവന്‍ വിലയിലുണ്ടായത് 1,880 രൂപയുടെ വര്‍ധനയാണ്.
യുദ്ധ ആശങ്കയില്‍ സ്വര്‍ണം വാരിക്കൂട്ടുന്നു
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,670 ഡോളര്‍ വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡിട്ട ശേഷം 2,660.80 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത്. യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കുമിയുന്നു. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധന തുടരും എന്നും വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,700 കടന്നേക്കുമെന്നുമാണ് നിരീക്ഷകരുടെ നിഗമനങ്ങള്‍.
കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
വിവാഹ പര്‍ച്ചേസുകാര്‍ക്കും ആഭരണപ്രേമികള്‍ക്കും വലിയ തിരിച്ചടിയാണ് സ്വര്‍ണത്തിന്റെ വിലക്കുതിപ്പ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,136 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.