സ്വര്‍ണത്തിന് ഇന്ന് നേരിയ താഴ്ച, അന്താരാഷ്ട്ര വില റെക്കോഡ് കൈവിട്ടു
കേരളത്തില്‍ വിലയിടിയുന്നത് ആറ് ദിവസത്തിനു ശേഷം, വെള്ളി വിലയ്ക്ക് മുന്നേറ്റം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാം വില അഞ്ച് രൂപ കുറഞ്ഞ് 7,095 രൂപയും പവന്‍ വില 40 രൂപ താഴ്ന്ന് 56,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,870 രൂപയില്‍ തുടരുന്നു. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റത്തിനു ശേഷമാണ് ഇന്ന് വിലയില്‍ ഇടിവുണ്ടായത്.
അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണത്തിന്റെ നീക്കം. വ്യാഴാഴ്ച ഔണ്‍സിന് 2,685.96 ഡോളറെന്ന സര്‍വകാല റെക്കോഡിലായിരുന്ന സ്വര്‍ണ വില പിന്നീട് 2,670.20 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്നലെ 0.46 ശതമാനം ഇടിഞ്ഞ് 2,657.97 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധ സമാന സാഹചര്യത്തില്‍ അയവു വന്നതാണ് സ്വര്‍ണത്തെ താഴ്ത്തിയത്. 28 ഡോളറോളം കുറവു വന്നെങ്കിലും കേരളത്തില്‍ ആനുപാതികമായ കുറവു വന്നിട്ടില്ല.
അന്താരാഷ്ട്ര വില സമീപ ഭാവിയില്‍ ഉയരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അമേരിക്ക ഈ വര്‍ഷം ഇനിയും പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് സ്വര്‍ണത്തിന് അനുകൂലമാണ്. അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ചതിനു ശേഷം വന്‍ കുതിപ്പാണ് സ്വര്‍ണം കാഴ്ചവച്ചത്.
വിൽപ്പനയിൽ കുറവ്
കഴിഞ്ഞ കുറച്ചു നാളുകളായി സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്നത് കേരളത്തില്‍ കച്ചവടത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഓണക്കാലയളവില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നിട്ടും 7,000 കോടി രൂപയ്ക്കടുത്ത് വില്‍പ്പന നടന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. ഈ മാസം കല്യാണങ്ങള്‍ താരതമ്യേന കുറവാണെന്നതും വില്പന ഇടിയാന്‍ കാരണമാകുന്നുണ്ട്.