സ്വര്‍ണത്തിന് വീണ്ടും 'മിന്നലടിച്ചു', ഇന്നും വിലയില്‍ കയറ്റം

വെള്ളി വീണ്ടും വിശ്രമത്തില്‍

Update:2024-08-10 10:29 IST

Image : Canva

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മുന്നേറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,445 രൂപയിലും പവന് 160 രൂപ ഉയര്‍ന്ന് 51,560 രൂപയിലുമാണ് വ്യാപാരം.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,330 രൂപയുമായി.
ഇന്നലെ രണ്ട് രൂപ താഴ്ന്ന വെള്ളി വില 88 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ട് ശതമാനത്തിലധികം വര്‍ധനയായാണ് രാജ്യാന്തര വിലയിലുണ്ടായത്. ഇന്നലെ 0.16 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2,431.14 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. യു.എസിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയുള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം?
വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയാണ് വിലവര്‍ധന കാര്യമായി ബാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞു നിന്നതോടെ ഇനിയും താഴ്ന്നേക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ വൈകിപ്പിച്ചവര്‍ക്കും കയറ്റം തിരിച്ചടിയായിട്ടുണ്ട്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്‌ക്കൊപ്പം പണിക്കൂലിയും നികുതികളുമടക്കം 55,642 രൂപയ്ക്ക് മുകളിലാകും ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില.
ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ നിരക്കും വ്യത്യാസപ്പെട്ടിരിക്കും. മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നതു വഴി സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് തടയിടാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.


Tags:    

Similar News