മാനം മുട്ടി സ്വർണവില; നക്ഷത്രമെണ്ണിക്കും, താലികെട്ട്!

ഈ വര്‍ഷം ഇതുവരെ പവന്‍ വില 11,400 രൂപ കൂടി, അന്താരാഷ്ട്ര വിലയില്‍ 36 ശതമാനം വര്‍ധന

Update:2024-10-19 10:58 IST

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ആദ്യമായി പവന് 58,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,280 രൂപയും പവന്‍ വില 320 രൂപ ഉയര്‍ന്ന് 58,240 രൂപയുമായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,015 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ആദ്യമായി 102 രൂപയിലെത്തി.

ഇരച്ചു കയറി അന്താരാഷ്ട്ര വില 

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധങ്ങളുമാണ് സ്വര്‍ണ വിലയെ മുന്നേറ്റത്തിലാക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില തുടര്‍ച്ചയായ നാല് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്നലെ ഒറ്റയടിക്ക് ഔണ്‍സ് വില 2,692.55 ഡോളറില്‍ നിന്ന് 1.03 ശതമാനം ഉയര്‍ന്ന് 2,722 ഡോളറിലെത്തി.
ഈ വര്‍ഷം ഇതു വരെ അന്താരാഷ്ട്ര വിലയില്‍ 31.74 ശതമാനമാണ് സ്വര്‍ണ വില വര്‍ധിച്ചത്.
2024 ജനുവരിയില്‍ കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 5,855 രൂപയും പവന്‍ വില 46,840 രൂപയുമായിരുന്നു. ഇതു വരെ ഗ്രാമിന് 1,425 രൂപയും പവന് 11,400 രൂപയുമാണ് കൂടിയത്.

വില ഇനിയും ഉയരുമോ?

അന്താരാഷ്ട്ര പ്രവചനങ്ങളും മറികടന്നാണ് സ്വര്‍ണ വിലയുടെ മുന്നേറ്റം. പശ്ചിമേഷ്യന്‍ യുദ്ധം മുറുകുന്നതും വിവിധ കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഡിമാന്‍ഡ് ഉയരുന്നതും സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്.
ഇന്ത്യയില്‍ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചത് വഴി സ്വര്‍ണ ഇറക്കുമതി മൂന്നിരട്ടിയോളം വര്‍ധിച്ചു. ഓഗസ്റ്റില്‍ 140 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ദീപാവലി, ദസറ, വിവാഹ സീസണ്‍ എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതും വില കൂടാന്‍ ഇടയാക്കുന്നുണ്ട്.
ഇന്ത്യയുടെ മൊത്തം സ്വര്‍ണ ഉപയോഗത്തിന്റെ പകുതിയും വിവാഹ ആവശ്യങ്ങള്‍ക്കായാണ്. മികച്ച മണ്‍സൂണ്‍ സീസണ്‍ മൂലം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ചെലവഴിക്കാനുള്ള വരുമാനം ഇയര്‍ന്നതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്.
ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് നിറുത്തി വച്ചെങ്കിലും കരുതല്‍ ശേഖരം വില്‍ക്കാനുള്ള സാധ്യതകള്‍ കാണുന്നില്ല. മാത്രമല്ല മറ്റുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഹ്രസ്വകാലത്തില്‍ ചാഞ്ചാട്ടത്തിന് സാധ്യതകളുണ്ടെങ്കിലും വില മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.

ആഭരണത്തില്‍ തൊട്ടാല്‍ കൈപൊള്ളും

വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉടന്‍ സ്വര്‍ണം വാങ്ങേണ്ടവര്‍ക്കാണ് ഉയര്‍ന്ന വില പ്രതിബന്ധമാകുന്നത്. ഇന്ന് ഒരു പവന്റെ വില 58,240 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 63,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. പണിക്കൂലി വിവിധ ആഭരണങ്ങള്‍ക്കനുസരിച്ച് വ്യത്യാസം വരും. ഇത് വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കും.

Tags:    

Similar News