ശശി തരൂരിന് പ്രിയം വിദേശ ഓഹരികള്‍, ബിറ്റ്‌കോയിനിലും നിക്ഷേപം

മൊത്തം 55 കോടി രൂപയുടെ ആസ്തികള്‍, 10 വര്‍ഷം കൊണ്ട് ഇരട്ടി വളര്‍ച്ച

Update:2024-04-07 11:45 IST

Shashi Tharoor/FB

തിരുവന്തപുരം ലോക്സഭ നിയോജകമണ്ഡലത്തില്‍ നാലാം പ്രാവശ്യം ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരിന് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓഹരികളെക്കാള്‍ പ്രിയം വിദേശ ഓഹരികള്‍. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ വിദേശ ഓഹരികളില്‍ 9.33 കോടി രൂപയുടെ നിക്ഷേപവും ആഭ്യന്തര ഓഹരികളില്‍ 1.72 കോടി രൂപയുടെ നിക്ഷേപവും ഉള്ളതായിട്ടാണ് സാക്ഷ്യപെടുത്തിയത്.

മൊത്തം 55 കോടി രൂപയുടെ ആസ്തികളാണ് ശശി തരൂരിനുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ചയാണ് ആസ്തിയിലുണ്ടായിരിക്കുന്നത്. 2019ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി 23 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.
സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്ക് 21 ബാങ്കുകളിലായി 10.08 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. യു.എസ് ട്രഷറി ബോണ്ടുകളില്‍ 2.023 കോടി രൂപയുടെ നിക്ഷേപമുണ്ട്. നികുതി ബാധ്യത കുറയ്ക്കാനായി 7 മ്യൂച്വല്‍ ഫണ്ടുകളിലായി 26.48 ലക്ഷം രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്.
കോര്‍പറേറ്റ് ബോണ്ടുകള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകള്‍ എന്നിവയില്‍ 4.38 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിലും നിക്ഷേപമുണ്ട്.

വരുമാനം 4.32 കോടി രൂപ, രണ്ട് കാറുകൾ 

ആദായ നികുതി റിട്ടേണ്‍ പ്രകാരം 2022-23ല്‍ 4.32 കോടി രൂപ, 2021-22ല്‍ 3.35 കോടി രൂപ, 2020-21ല്‍ 3.85 കോടി രൂപ, 2019-20ല്‍ 3.49 കോടി രൂപ, 2018-19ല്‍ 4.26 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുണ്ട്.

സമ്പാദ്യത്തില്‍ 66.75 പവന്‍ സ്വര്‍ണവുമുണ്ട്. ഏകദേശം 32 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം. കൂടാതെ പാലക്കാട് കൃഷി ഭൂമിയും തിരുവനന്തപുരത്ത് വീടും സ്ഥലവും സ്വന്തമായി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രണ്ട് കാറുകളും സ്വന്തം പേരിലുണ്ട്. മാരുതിയുടെ സിയാസും മാരുതി എക്‌സ്.എല്‍.ആറും.
Tags:    

Similar News