ബി.എസ്.എന്‍.എല്ലിലേക്ക് ഓടിക്കയറി ഉപയോക്താക്കള്‍, എയര്‍ടെല്ലിനും ജിയോയ്ക്കും വി.ഐയ്ക്കും വന്‍ ക്ഷീണം

കേരളത്തിലും ജൂലൈയില്‍ നേട്ടമുണ്ടാക്കിയത് ബി.എസ്.എന്‍.എല്‍ മാത്രം, മൊത്തം വരിക്കാരുടെ എണ്ണത്തില്‍ മുമ്പന്‍ ഇപ്പോഴും ജിയോ തന്നെ

Update:2024-09-21 12:43 IST

ടെലികോം സേവന നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചത് സ്വകാര്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളായ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും നല്‍കിയത് കനത്ത തിരിച്ചടി. ജൂലൈയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവാണ് മൂന്ന് കമ്പനികള്‍ക്കുമുണ്ടായത്.

അതേസമയം നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവായി നിന്ന പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്ലിന് ഇത് അനുഗ്രഹമായി. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകളനുസരിച്ച് ജിയോയ്ക്ക്  7.58 ലക്ഷം ഉപയോക്താക്കളെ നഷ്ടമായപ്പോള്‍ എയര്‍ടെല്ലില്‍ നിന്ന് 16.94 ലക്ഷം പേരും വോഡഫോണ്‍ ഐഡിയയില്‍ (വി.ഐ) നിന്ന് 14.13 ലക്ഷം പേരുമാണ് കൊഴിഞ്ഞു പോയത്. ബി.എസ്.എന്‍.എല്ലിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 
ജൂണിനെ അപേക്ഷി
ച്ച്‌  29.31 ലക്ഷത്തിന്റെ വര്‍ധനയുണ്ടായി. ഇതോടെ മൊത്തം വരിക്കാർ  8.85 കോടിയായി.
ജൂലൈയില്‍ ബി.എസ്.എല്‍ എല്ലിന്റെ വിഹിതം 7.59 ശതമാനമായി വര്‍ധിച്ചപ്പോള്‍ ജിയോയുടേത് 40.68 ശതമാനവും എയര്‍ടെല്ലിന്റെത് 33.12 ശതമാനവും വി.ഐയുടേത് 18.46 ശതമാനവുമായി കുറഞ്ഞു.

മുമ്പിൽ ജിയോ 

മൊത്തം വരിക്കാരുടെ എണ്ണത്തില്‍ മുമ്പനിപ്പോളും ജിയോ തന്നെയാണ്. 47.57 കോടിപ്പേരാണ് ജിയോയുടെ വരിക്കാര്‍. എയര്‍ടെല്ലിന് 38.73 കോടിയും വി.ഐയ്ക്ക് 21.58 കോടിയും ബി.എസ്.എന്‍.എല്ലിന് 8.8 കോടിപ്പേരുമാണ് വരിക്കാരായുള്ളത്.

അതേസമയം 4ജി, 5ജി വരിക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് എയര്‍ടെല്ലാണ്. 25.6 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. ജിയോയ്ക്ക്  7.6 ലക്ഷം പേരെയാണ് ഈ വിഭാഗത്തില്‍ നഷ്ടമായത്. ഇനിയും 5 ജി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലാത്ത വി.ഐയ്ക്ക് 3ജി, 4ജി വിഭാഗത്തില്‍ 11 ലക്ഷം വരിക്കാരുടെ നഷ്ടമുണ്ടായി. ബി.എസ്.എന്‍.എല്‍ ഈ അടുത്താണ് 4ജിയിലേക്ക് ചുവടുവച്ചത്. 

കേരളത്തിലും മുന്നേറി ബി.എസ്.എന്‍.എല്‍

ബി.എസ്.എന്‍.എല്ലിന് കേരളത്തിലും വരിക്കാരുടെ എണ്ണം ഉയര്‍ത്താനായി. സംസ്ഥാനത്തെ മൊത്തം ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം 86.05 ലക്ഷമാണ്. ജൂണിനെ  അപേക്ഷിച്ച് 18,891 പേരാണ് അധികമായി ബി.എസ്.എന്‍.എല്ലിലേക്ക് ചേര്‍ന്നത്.
മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ മുന്നില്‍ വോഡ ഐഡിയയാണ്. മൊത്തം 1.3 കോടി വരിക്കാരാണുള്ളത്. പക്ഷെ മുന്‍ മാസത്തെ അപേക്ഷിച്ച് 91,757 വരിക്കാര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജിയോയിക്ക് ജൂലൈയിലെ കണക്കനുസരിച്ച് 1.10 ലക്ഷം വരിക്കാരാണുള്ളത്. 44,500ലധികം പേര്‍ ജിയോയെ ഉപേക്ഷിച്ചു പോയി. എയര്‍ടെല്ലിന് 27,000ത്തിലധികം വരിക്കാരെയാണ് ഇക്കാലയളവില്‍ നഷ്ടമായത്.

പോര്‍ട്ട് ചെയ്യാനും തിരക്ക്

മൊബൈല്‍ നമ്പര്‍ നിലനിറുത്തിക്കൊണ്ട് മറ്റൊരു കമ്പനിയിലേക്ക് ഉപയോക്താവിന് മാറാവുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് (MNP) വലിയ സ്വീകാര്യതയാണുള്ളത്. 1.36 കോടിപേര്‍ ജൂലൈയില്‍ എം.എന്‍.പി അപേക്ഷ നല്‍കിയെന്ന് ട്രായ് വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ ഇതുവരെ എം.എന്‍.പി അപേക്ഷ നല്‍കിയ ആകെ ഉപയോക്താക്കളുടെ എണ്ണം 101.13 കോടിയായി.

ബ്രോഡ് ബാന്‍ഡില്‍ ജിയോ

ജൂലൈയിലെ കണക്കുപ്രകാരം ഇന്ത്യയിലാകെ 94.61 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട്. ജൂണിനെ അപേക്ഷിച്ച് 0.58 ശതമാനമാണ് വര്‍ധന. 48.86 കോടിപ്പേരും ജിയോ വരിക്കാരാണ്. 28.4 കോടിപ്പേരുമായി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത്. വോഡഫോണ്‍-ഐഡിയയ്ക്ക് 12.6 കോടി വരിക്കാരുണ്ട്. 2.9 കോടിപ്പേരാണ് പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിനുള്ളത്.
Tags:    

Similar News