കല്യാണ്‍ ജുവലേഴ്‌സിന് വരുമാനത്തില്‍ വന്‍ കുതിപ്പ്, ഗള്‍ഫിലും മികച്ച നേട്ടം; ദീപാവലിക്കാലത്ത് കൂടുതല്‍ ഷോറുമുകള്‍ തുറക്കും
പ്രാഥമിക പ്രവര്‍ത്തനഫല കണക്കുകളുടെ ബലത്തില്‍ നേരിയ കയറ്റത്തില്‍ ഓഹരികള്‍
രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ 39 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുത്തനെ കുറച്ചത് ജൂലൈയിലെ അവസാന ആഴ്ച മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള സമയങ്ങളില്‍ ഷോറൂമുകളിലേക്ക് എത്തുന്നവരുടെ എണ്ണം ക്രാമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കിയതായി കല്യാണ്‍ ജുവലേഴ്‌സ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പ്രാഥമിക പ്രവര്‍ത്തന ഫല കണക്കുകളില്‍ സൂചിപ്പിച്ചു. താരതമ്യേന വില്‍പ്പന കുറഞ്ഞ് നില്‍ക്കുന്ന സമയത്താണിതെന്നതാണ് കല്യാണിന് ഗുണകരമായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ പാദത്തിലെ കല്യാണിന്റെ സംയോജിത വരുമാനത്തിന്റെ 13 ശതമാനവും ഗള്‍ഫ് മേഖലയുടെ സംഭാവനയാണ്. കമ്പനി ഉടമസ്ഥതയിലുള്ള ഷോറൂമുകളെ ഫോക്കോ ഷോറൂമുകളിലേക്ക് (ഫാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ്) മാറ്റുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. നിലവില്‍ ഗള്‍ഫില്‍ നാല് ഫോക്കോ ഷോറൂമുകളായി.
കൂടുതൽ ഷോറൂമുകള്‍ തുറക്കും
കല്യാണിന് കീഴിലുള്ള ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വരുമാന വളര്‍ച്ച നേടി. രണ്ടാം പാദത്തില്‍ 12 കാന്‍ഡിയര്‍ ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 130ലധികം ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. ഇതില്‍ 51 ഷോറൂമുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ പാദത്തില്‍ ഇന്ത്യയില്‍ 15 ഫോക്കോ ഷോറൂമുകള്‍ തുറന്നു. ഒക്ടോബറില്‍ കൂടുതല്‍ ഷോറൂമുകള്‍ ഈ വിഭാഗത്തില്‍ തുറക്കുന്നുണ്ട്.
ദീപാവലിക്കാലത്ത് ഇന്ത്യയില്‍ 25 കല്യാണ്‍ ഷോറൂമുകളും 18 കാനിയര്‍ ഷോറൂമുകളും കൂടാതെ യു.എസില്‍ ആദ്യ ഷോറൂമും തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍ഡിയര്‍ ഫോര്‍മാറ്റുകളില്‍ 26 ഷോറൂമുകള്‍ കൂടി തുറന്നതോടെ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 303 ആയി.
ഓഹരിക്ക് കയറ്റം
ഇന്നലെ മികച്ച പ്രവര്‍ത്തന കണക്കുകള്‍ പുറത്തു വിട്ടെങ്കിലും കല്യാണ്‍ ഓഹരികളില്‍ വലിയ ആവേശമുണ്ടായില്ല. ഇന്ത്യന്‍ ഓഹരി വിപണിയുടെ മൊത്തത്തിലുള്ള ട്രെന്‍ഡിലേക്ക് കല്യാണും വഴുതി വീഴുകയായിരുന്നു. ഇന്നലെ 2.09 ശതമാനം താഴ്ന്ന് 715.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഒരു വേള 1.94 ശതമാനം ഇടിഞ്ഞ് 688.55 രൂപയിലേക്ക് താഴ്‌ന്നെങ്കിലും പതിയ തിരിച്ചു കയറുന്നതിന്റ സൂചനകള്‍ കാണിക്കുന്നുണ്ട്. നിലവില്‍ 0.94 ശതമാനം നേട്ടത്തോടെ 708.55 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വര്‍ഷം ഇതു വരെ 95 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 182 ശതമാനത്തിലധികമാണ്.