1,300 കോടി രൂപ സമാഹരിച്ച് കല്യാണ്‍ ജുവലേഴ്സ്, തുക വാർബർഗ് പിൻകസിൽ നിന്ന് ഓഹരികൾ ഏറ്റെടുക്കാന്‍ വിനിയോഗിക്കും

കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 32 ശതമാനം ഉയർന്നു

Update:2024-09-28 15:49 IST

image credit : kalyan jewels , canva

രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലൊന്നായ കല്യാൺ ജുവലേഴ്‌സ് ഓക്‌ട്രീ ക്യാപിറ്റലിൽ നിന്ന് വായ്പ സമാഹരിക്കുന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രൊമോട്ടറായ ടി.എസ് കല്യാണരാമൻ ഓക്‌ട്രീ ക്യാപിറ്റലിൽ നിന്ന് വായ്പയിലൂടെ 1,300 കോടി രൂപ സമാഹരിച്ചതായി മണികൺട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
വായ്‌പയിൽ നിന്ന് ലഭിക്കുന്ന തുക വാർബർഗ് പിൻകസിൽ നിന്ന് ഓഹരികൾ ഏറ്റെടുക്കുന്നതിന് കല്യാണ്‍ ജുവലേഴ്സ് ഉപയോഗിക്കും. മൂന്ന് വർഷത്തെ കാലാവധിയിലാണ് വായ്പ എടുത്തിരിക്കുന്നത്.
ഓക്‌ട്രീ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ ഒ.സി.എം ഇന്ത്യ ഓപ്പർച്യുണിറ്റീസ് XII ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 8.51 കോടി രൂപയുടെ ഓഹരികൾ (കല്യാണിന്റെ 8.26 ശതമാനം ഓഹരികൾ) ടി.എസ് കല്യാണരാമൻ പണയത്തിന് നല്‍കിയാണ് തുക സമാഹരിക്കുന്നത്.

ഓഹരി കുതിപ്പില്‍

വാർബർഗ് പിൻകസിൽ നിന്ന് ഏകദേശം 1,300 കോടി രൂപയ്ക്ക് 2.36 ശതമാനം ഓഹരികൾ ഒന്നിന് 535 രൂപ നിരക്കിൽ കല്യാണരാമൻ സ്വന്തമാക്കിയതായിരുന്നു. അതിനുശേഷം കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 32 ശതമാനം ഉയർന്ന് 706.75 രൂപയിലെത്തി.
പ്രമുഖ നിക്ഷേപക കമ്പനിയായ ഓക്‌ട്രീ ക്യാപിറ്റലിന് കല്യാൺ ഓഹരികളിലുളള മികച്ച പ്രതീക്ഷയുടെ സൂചന കൂടിയായി ഈ നീക്കത്തെ വിലയിരുത്താവുന്നതാണ്. ഈ വര്‍ഷം തുടക്കം മുതൽ കല്യാൺ ജൂവലേഴ്‌സ് ഓഹരികളുടെ മൂല്യം ഇരട്ടിയോളമാണ് ഉയര്‍ന്നിരിക്കുന്നത്.
Tags:    

Similar News