കല്യാണ്‍ ജുവലേഴ്‌സിന്റെ ആദ്യ പാദ ലാഭം ₹143 കോടി; ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വില മറികടന്നു

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 700 കോടി

Update: 2023-08-10 02:30 GMT

ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net

കേരളം ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 143.5 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിൽ സമാനപാദത്തിലിത്  107.7 കോടി രൂപയായിരുന്നു. 33.2 ശതമാനമാണ് ഉയര്‍ച്ച.

ജൂണ്‍ പാദത്തില്‍ കല്യാണിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 3,333 കോടി രൂപയില്‍ നിന്ന് 4,376 കോടി രൂപയായി ഉയര്‍ന്നു. 31.2 ശതമാനമാണ് ഉയര്‍ച്ച. കല്യാണിന്റെ ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള ലാഭം 129 കോടിരൂപയാണ്. 35 ശതമാനമാണ് ഉയര്‍ച്ച. ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 34% ഉയര്‍ന്ന് 3,641 കോടി രൂപയായി.

ഗള്‍ഫ് ബിസിനസ്
ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് ആദ്യപാദത്തില്‍ 700 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലിത് 574 കോടി രൂപയായിരുന്നു. ഗള്‍ഫ് ബിസിനസില്‍ നിന്നുള്ള ലാഭം (Profit after tax) 24 ശതമാനം വർധിച്ച 17 കോടി രൂപയായി . തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലിത് 14 കോടി രൂപയായിരുന്നു. കല്യാണിന്റെ മൊത്തം സംയോജിത വരുമാനത്തിന്റെ 16 ശതമാനം ഗള്‍ഫ് ബിസിനസില്‍ നിന്നാണ്.
ഇ-കൊമേഴ്‌സ്
ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ ആദ്യ പാദ വിറ്റുവവരവ് 34 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കാന്‍ഡിയര്‍ 2.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.2 കോടി രൂപ നഷ്ടത്തിലായിരുന്നു.
ആദ്യപാദത്തില്‍ കമ്പനി 12 പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. 2023 ജൂണ്‍ 30 വരെ ഇന്ത്യയില്‍ 161 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളും കല്യാണിനുണ്ട്. കൂടാതെ 994 മൈ കല്യാണ് ഗ്രാസ് റൂട്ട് സ്‌റ്റോറുകളുമുണ്ട്.

 

ഓഹരി കുതിച്ചു
പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കല്യാണ്‍ ഓഹരികള്‍ ഇന്നലെ ബി.എസ്.ഇയില്‍ 6.03% ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 188.95 രൂപയിലെത്തിയിരുന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2.79% ഉയര്‍ന്ന് 182.60 രൂപയിലാണ് ഓഹരിയുള്ളത്.
കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നതും ഉത്സവ-വിവാഹ സീസണുകള്‍ക്കായി പുതിയ കളക്ഷനുകള്‍ അവതരിപ്പിക്കുന്നതും കമ്പനിയെ കൂടുതല്‍ ആവേശത്തിലാക്കുമെന്ന് കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
Tags:    

Similar News