കടം കുറച്ച് കൂടുതല്‍ വളര്‍ച്ച; 'അസറ്റ് ലൈറ്റ്' ബിസിനസ് മോഡലിലേക്ക് മാറാനൊരുങ്ങി കല്യാണ്‍ ജൂവല്ലേഴ്സ്
ഭാവി മൂലധന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഫണ്ട് സമാഹരിക്കുന്നതിനായി ശക്തമായ നടപടികള്‍
'അസറ്റ് ലൈറ്റ്' ബിസിനസ് മോഡലിലേക്ക് മാറാനൊരുങ്ങി കല്യാണ്‍ ജൂവല്ലേഴ്സ്. നൂതന ഫ്രാഞ്ചൈസി മോഡല്‍, കടബാധ്യത കുറച്ച് ഭാവി മൂലധന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവിലുള്ള ഫണ്ട് സമാഹരണം എന്നിവയിലൂടെ ബിസിനസ് വിപുലീകരണത്തിനും മികച്ച വളര്‍ച്ച ഉറപ്പാക്കാനും വിവിധ പദ്ധതികളാണ് കല്യാണ്‍ ജൂവല്ലേഴ്സ് ഗ്രൂപ്പ് നടപ്പാക്കുക.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ കടം പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. അതോടെ കുറഞ്ഞ ചെലവില്‍ ഭാവി മൂലധനത്തിനുള്ള ഫണ്ട് കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് കല്യാണ്‍ ജൂവല്ലേഴ്സ് സാരഥികള്‍ക്കുള്ളത്. അനലിസ്റ്റുകളുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചത്.
വളര്‍ച്ചയ്ക്കായി പുതിയ മോഡല്‍
ഫ്രാഞ്ചൈസി മോഡലിലൂടെ ബിസിനസ് വിപുലീകരിക്കാനാണ് കല്യാണ്‍ ജൂവല്ലേഴ്സ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന 50 ഓളം സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും കമ്പനി പ്രതിനിധികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ അഞ്ചോളം ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) മോഡലാണ് കല്യാണ്‍ ജൂവല്ലേഴ്സ് സ്വീകരിക്കുന്നത്. പുതിയ നീക്കങ്ങളിലൂടെ കല്യാണ്‍ ജൂവല്ലേഴ്സിന്റെ ബിസിനസില്‍ ഭാഗഭാക്കായുള്ള എല്ലാവര്‍ക്കും കൂടുതല്‍ മൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.