കേരളത്തില്‍ നേരിയ ഇറക്കത്തില്‍ സ്വര്‍ണം, പലിശ നിരക്കില്‍ ഉടക്കി രാജ്യാന്തര വില
ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാം വില 15 രൂപ കുറഞ്ഞ് 7,090 രൂപയും പവന്‍ വില 120 രൂപ കുറഞ്ഞ് 56,720 രൂപയുമായി. ഭാരം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. ഇന്നലെ ഔണ്‍സിന് 2,635.51 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 2,630 ഡോളറിലേക്ക് താഴ്ന്നു. തിങ്കളാഴ്ച മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ ശേഷം രണ്ട് ദിവസമായി നേരിയ നേട്ടം കാഴ്ചവയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും ഇന്ന് വീണ്ടും താഴ്ചയിലായി.
വില കുറയാന്‍ കാരണം
യു.എസിലെ മൂന്നാം പാദ ജി.ഡി.പി കണക്കുകളും ഉപയോക്തൃ ചെലവഴിക്കല്‍ വിവരങ്ങളും പുറത്തു വന്നിരുന്നു. ജി.ഡി.പി 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദ വളര്‍ച്ച മൂന്ന് ശതമാനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബറിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സൂചിക 2.3 ശതമാനമാണ്. സെപ്റ്റംബറിലേതിനേക്കാള്‍ 0.2 ശതമാനം അധികമാണ്. വിലക്കയറ്റം കൂടുന്നത് അടുത്ത ആഴ്ച നടക്കുന്ന ഫെഡ് കമ്മിറ്റിയില്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. പലിശ നിരക്കുകള്‍ ഉടന്‍ കുറച്ചേക്കില്ലെന്ന നിഗമനങ്ങള്‍ യു.എസിലെ 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം ഉയര്‍ത്തി. കടപത്ര വില ഉയരുന്നത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പണ ഇതിലേക്ക് ഒഴുക്കാന്‍ പ്രേരിപ്പിക്കും. ഇത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കും.
ഇസ്രായേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതോടെ യുദ്ധത്തിന് താത്കാലിക വിരാമമായതും സ്വര്‍ണത്തെ താഴ്ത്തുന്നു. യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങളില്‍ ആളുകള്‍ കൂടുതലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയര്‍ത്തും. അനിശ്ചിതാവസ്ഥ മാറുമ്പോള്‍ അവര്‍ മറ്റ് മേഖലകളിലേക്ക് നിക്ഷേപം മാറ്റും.
അതേസമയം ട്രംപിന്റെ ഇറക്കുമതി ചുങ്ക ഭീഷണി നിലനില്‍ക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ആഭരണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ന് ഒരു പവന്റെ വില 56,720 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 61,396 രൂപ വേണം ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.