പ്രതി കേരള സര്‍ക്കാര്‍, റെയില്‍ വികസനത്തില്‍ മെല്ലെപ്പോക്ക് മാറ്റാന്‍ മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ കത്ത്

2,100 കോടിയിലേറെ രുപ കേരളത്തിന് നല്‍കിയെന്ന് കേന്ദ്രമന്ത്രി

Update:2024-11-28 11:26 IST

കേരളത്തിലെ വിവിധ റെയില്‍വേ വികസന പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അനാസ്ഥയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ പദ്ധതികള്‍ക്കായി 470 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും മന്ത്രി പറഞ്ഞു. ഇതുവരെ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുക്കുന്നത്. റെയില്‍വേ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കേരളത്തില്‍ മൊത്തം 12,350 കോടി രൂപയുടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായുള്ളത്. നടപ്പു വര്‍ഷം സംസ്ഥാനത്തിന് അനുവദിച്ചത് 3,011 കോടി രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. എന്നാല്‍ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ പദ്ധതികള്‍ മുന്നോട്ടു പോകുന്നില്ല.

ഇഴഞ്ഞ് നാല് പദ്ധതികള്‍

സംസ്ഥാനത്ത്‌ മൂന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളും ഒരു പുതിയ റെയില്‍വേ ലൈന്‍ പദ്ധതിയുമാണ് നടന്നു വരുന്നത്. ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ ഈ പദ്ധതികളെല്ലാം ഇഴയുകയാണ്.

തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 40 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 33 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. ഏഴ് ഹെക്ടര്‍ കൂടി ഇനിയും ഏറ്റെടുക്കാനുണ്ട്. പദ്ധതിക്കായി 1,312 കോടി രൂപ കേന്ദ്രം അനുവദിച്ചു.
എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് നാല് ഹെക്ടര്‍ ആവശ്യമായ സ്ഥാനത്ത് രണ്ട് ഹെക്ടര്‍ മാത്രമാണ് ഏറ്റെടുത്തത്. 248 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചത്.
കുമ്പളം-തുറവൂര്‍ പാതയിരട്ടിപ്പിക്കലിന് 10 ഹെക്ടറാണ് ആവശ്യം. അതില്‍ പാതി മാത്രമാണ് ഏറ്റെടുത്തത്. 240 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.
അങ്കമാലി- ശബരിമല പാതയിലാണ് പുതിയ റെയില്‍വേ ലൈന്‍ വരുന്നത്. ഇതിന് 416 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. എന്നാല്‍ വെറും 24 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. 392 ഹെക്ടര്‍ ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതിക്കായി ഇതിനകം 282 കോടി രൂപ അനുവദിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Tags:    

Similar News