കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടന്‍, പച്ചക്കൊടി വീശി കേന്ദ്രം
ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് പരിഗണനയില്‍
കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ ലഭിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഇതിനായുള്ള നടപടികളാരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു.
നിലവില്‍ മിനിമം യാത്രക്കാര്‍ ഇല്ലാത്ത ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസാണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്.
നേരത്തെ ബംഗളൂരു-കോയമ്പത്തൂര്‍, ഗോവ-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസ്, ബംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എകസ്പ്രസ് എന്നീ ട്രെയിനുകള്‍ കോഴിക്കോട് വരെ നീട്ടാന്‍ എം.കെ രാഘവന്‍ എം.പി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസില്‍ 50 ശതമാനത്തില്‍ താഴെയാണ് ഒക്യുപെന്‍സി നിരക്ക്. നിലവിലോടുന്ന 41 വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിലെ യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ കോഴിക്കോട് വരെ സര്‍വീസ് നീട്ടുന്നതു വഴി സാധിക്കുമെന്നാണ് റെയില്‍വെയുടെ കണക്കുകൂട്ടല്‍.
അതേസമയം കാസര്‍ഗോഡ്-തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസില്‍ 200 ശതമാനത്തിനടുത്താണ് ഒക്യുപെന്‍സി. വന്ദേഭാരത് റൂട്ടുകളിലെ ഏറ്റവും ഉയര്‍ന്ന ഒക്യുപെന്‍സി നിരക്കാണിത്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ റൂട്ടുകളില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിച്ചത്.