കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് കൊട്ടാരക്കരയിൽ; അണിനിരക്കുന്നത് സോഹോ ഉൾപ്പെടെ പ്രമുഖർ

സോഹോ കോർപറേഷനുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിച്ചത്, 5000 പേർക്ക് സംരംഭകത്വ പരിശീലനം ലഭിക്കും

Update:2024-02-22 18:42 IST

Image courtesy: canva/ representational image

കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്കിന് കൊട്ടാരക്കര എന്‍ജിനീയറിംഗ്‌ കോളേജിലെ ഗവേഷണ വികസന വിഭാഗത്തിൽ തുടക്കമായി. വ്യവസായ സംരംഭങ്ങളെ നവീന സാങ്കേതികവിദ്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ ക്യാമ്പസുകളെ പ്രാപ്യമാക്കുക എന്ന ആശയത്തിന്റെ ഭാഗമായി തുറന്ന പാര്‍ക്കില്‍ തൊഴിലിടം, ഇന്‍ക്യുബേഷന്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയുണ്ടാകും.

 തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളായി മാറ്റുകയാണ് ലക്ഷ്യം. കോളേജിലെ ലോഞ്ച് എംപവര്‍ ആക്ലിലറേറ്റ് പ്രോസ്പര്‍ (ലീപ്) സെന്ററുകള്‍ കോ-വര്‍ക്കിംഗ് സ്പേസാക്കി മാറ്റും. 3,500 ചതുശ്ര അടി കെട്ടിടത്തില്‍, കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്മെന്റും സോഹോ കോർപറേഷനുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിച്ചത്.

വീടിനടുത്ത് തൊഴിൽ ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്യാമ്പസ് വ്യവസായ പാർക്ക് ആരംഭിച്ചത്. സോഫ്റ്റ്‌വെയർ സേവനമായി നൽകുന്ന (SaaS) പ്രമുഖ കമ്പനിയാണ് സോഹോ. തെങ്കാശിയിൽ 900 ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും. ഗ്രാമീണ മേഖലയില്‍ ഐ.ടി.ഐ, പോളി ടെക്‌നിക് ഡിപ്ലോമ യോഗ്യത നേടുന്നവര്‍ക്കുകൂടി പ്രയോജനകരമാകുന്ന നിലയാണ് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുറക്കുന്നത്.

നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നീ സാങ്കേതിക വിദ്യകളിൽ വ്യവസായ പാർക്കിൽ പരിശീലനം നൽകും. അടുത്ത അഞ്ചു വർഷത്തിൽ  5,000 പേർക്ക് വ്യവസായ സംരംഭകത്വത്തിൽ  പരിശീലനം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളോട് അടുത്ത് കിടക്കുന്നതും  80 കിലോമീറ്റർ അകലത്തിൽ തെങ്കാശി പട്ടണത്തിന്റെ  സാമീപ്യവുമെല്ലാം  കൊട്ടാരക്കര വ്യവസായ പാർക്കിനെ ആകർഷകമാക്കുന്നു.

ബി.എസ്‌സി, എം.എസ്‌സി  കോഴ്‌സുകൾ, നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നി കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. തുടക്കത്തിൽ 30 പേർക്ക് തൊഴിൽ പരിശീലനം ലഭിക്കും. അവരുടെ പ്രകടനം അനുസരിച്ച് സ്ഥിരവും താത്കാലികവുമായ ഒഴിവുകളിലേക്ക് നിയമനം നൽകും.

മറ്റു സവിശേഷതകൾ 

യുവാക്കളെ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുകയും ഗ്രാമീണ- പ്രാദേശിക പ്രതിഭകള്‍ക്ക് വിവിധ സാങ്കേതിക ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എം.എസ്.എം.ഇ  മേഖലയ്ക്ക് ആവശ്യമായ മാനുഫാക്ചറിംഗ്‌ ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍ എന്നിവ നിര്‍മ്മിക്കുകയും അതുവഴി പുതിയ സംരംഭകരെ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കരിയര്‍ അവസരങ്ങള്‍ക്കായി ഇന്റേണ്‍ഷിപ്പ് പരിപാടികളും വര്‍ക്ക്‌ഷോപ്പുകളും നടത്തുക, സംരംഭകത്വ മനോഭാവം വളര്‍ത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുക, തിരഞ്ഞെടുത്ത പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രാദേശികവും അന്തര്‍ദേശീയവുമായ നെറ്റ് വര്‍ക്കിംഗ് സുഗമമാക്കുക, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ദീര്‍ഘകാല കാഴ്ചപ്പാടുമായി യോജിക്കുന്ന പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളില്‍ സഹകരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ മറ്റ് സവിശേഷതകള്‍.

Tags:    

Similar News