വിഴിഞ്ഞം തുറമുഖം: വി.ജി.എഫില്‍ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം; കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും

₹ 4777 കോടി സംസ്ഥാന സർക്കാർ അനുബന്ധ സൗകര്യങ്ങള്‍ക്കായി മുടക്കുന്നു

Update:2024-12-09 11:00 IST
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലാഭവിഹിതമായി തിരികെ നൽകണമെന്ന നിബന്ധന പിൻവലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തളളി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടിരൂപ കേന്ദ്രം നല്‍കിയിരിക്കുന്നത് തിരിച്ചു നൽകേണ്ട എന്ന വ്യവസ്ഥയിലാണ്. ഇതേ പരിഗണന സംസ്ഥാനത്തിനും നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
അതേസമയം, തൂത്തുക്കുടിയെയും വിഴിഞ്ഞത്തെയും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നാണ് നിർമലാ സീതാരാമൻ അറിയിച്ചു. ഇതോടെ കേരള സർക്കാർ വിഴിഞ്ഞത്തിനായി കൂടുതൽ പണം കണ്ടെത്തേണ്ട അവസ്ഥയിലാണ്.
തൂത്തുക്കുടി തുറുമുഖം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ വി.ഒ.സി. പോർട്ട് അതോറിറ്റിയുടേതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുതുറമുഖങ്ങളെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്ന നിലപാട് നിർമലാ സീതാരാമൻ സ്വീകരിക്കുന്നത്.
ഇതുവരെ ഒരു പദ്ധതിയിലും കേന്ദ്രം വി.ജി.എഫ്. തിരികെ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളം വ്യക്തമാക്കുന്നു. 4777.14 കോടി രൂപ സംസ്ഥാനസർക്കാർ വിഴിഞ്ഞം തുറമുഖനിർമാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി മുടക്കുന്നുണ്ട്.
ഇതിനകം വിഴിഞ്ഞത്ത് 70 കപ്പൽ വന്നുപോയി. ഇതിൽ 50 കോടിരൂപയ്ക്കു മുകളിൽ ജി.എസ്.ടി. ആയി കേന്ദ്രത്തിന് ലഭിച്ചു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചാല്‍ ഒരു വർഷത്തിനകം തന്നെ വി.ജി.എഫ് ഫണ്ടിന് മുടക്കിയ തുക ജി.എസ്.ടി വിഹിതമായി കേന്ദ്രത്തിന് ലഭിക്കുന്നതാണ്. വി.ജി.എഫ്. തിരികെ ആവശ്യപ്പെടുന്നത് അന്യായമാണെന്നും കേരളം വ്യക്തമാക്കുന്നു.
Tags:    

Similar News