കൈവിട്ട കടമെടുപ്പ്: പൊതുകടം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പട്ടെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്
സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചെലവു ചുരുക്കലിലേക്ക് പോകുന്നത് ഉചിതമല്ലെന്നും റിപ്പോര്‍ട്ട്
സംസ്ഥാനത്തിന്റെ പൊതുകടം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ (Gulati Institute of Finance and Taxation /GIFT) പഠന റിപ്പോർട്ട്. മോശമായ സാമ്പത്തിക സ്ഥിതി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പൊതുകടം വര്‍ധിക്കുന്നത് ആശങ്കാജനകമായ സാഹചര്യണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ നിലവിലെ ബാധ്യത തീര്‍ക്കാന്‍ വീണ്ടും വീണ്ടും കടമെടുക്കേണ്ട സ്ഥിയിലേക്ക് എത്തുമെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പഠനം വ്യക്തമാക്കുന്നു.
പലിശ ഭാരം കൂട്ടി പൊതു കടം
2004-05 മുതല്‍ 2012-13 വരെയുള്ള കാലയളവില്‍ കടം നിയന്ത്രിച്ചു നിറുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 2000-01ല്‍ 25,712 കോടിയായിരുന്ന പൊതുകടം ഇപ്പോള്‍ 3.57 ലക്ഷം കോടിയായി. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ സംസ്ഥാനത്തിന്റെ കടബാധ്യതയെ നിര്‍ണായകമായി നിയന്ത്രിച്ച പ്രധാന ഘടകം പൊതു വിപണിയില്‍ നിന്നെടുത്ത വായ്പകളാണ്. ഇത് പലിശ ഭാരം വര്‍ധിപ്പിച്ചു. സംസ്ഥാന റവന്യു വരുമാനം, റവന്യു ചെലവ് എന്നിവയുടെ 15 ശതമാനത്തിലധികമാണ് പലിശഭാരം.
ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്ന് നിര്‍ണയിക്കുന്നത് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണെന്നും ജി.എസ്.ഡി.പി -കടം അനുപാതം കഴിഞ്ഞ വര്‍ഷം 39 ശതമാനത്തോളമെത്തിയെന്നും പഠനം വ്യക്തമാക്കുന്നു.
കടത്തിന്റെ തോത് സുസ്ഥിരമായി നിറുത്തുന്നതിനും ബജറ്റിന്റെ സംതുലനാവസ്ഥ തുടരുന്നതിനും പ്രധാനമായും വേണ്ടത് കടത്തിന്റെ കാര്യത്തിലെ വളര്‍ച്ച സംസ്ഥാന ജി.ഡി.പി. വളര്‍ച്ചയേക്കാള്‍ താഴെയാക്കി നിറുത്തുക എന്നതാണ്. എന്നാല്‍ 2004-05 മുതല്‍ 2021-22 വരെയുള്ള ഘട്ടം ഒഴിവാക്കി നിര്‍ത്തിയാല്‍ ഇത് പാലിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കാണാമെന്ന് റിപ്പോർട്ട് പറയുന്നു.
നിർദ്ദേശങ്ങൾ
ജി.എസ്.ഡി.പിയുടെ 27.8 ശതമാനത്തില്‍ താഴെ പൊതുകടം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നാണ് പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. 14 ശതമാനം വാര്‍ഷിക വളര്‍ച്ചയും 3 ശതമാനം ധനക്കമ്മിയും അഥവാ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയും 2.5 ശതമാനം ധനക്കമ്മിയും എന്ന നില കൈവരിക്കാന്‍ കഴിഞ്ഞാല്‍ 2032 വര്‍ഷത്തോടെ 27.8 ശതമാനമെന്ന പൊതുകട- ജി.എസ്.ഡി.പി അനുപാതം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിയും. സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചെലവു ചുരുക്കലിലേക്ക് പോകുന്നത് ഉചിതമല്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ കടമെടുക്കാനും കേന്ദ്ര സഹായം തേടാനുമാണ് പൊതുകടം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍.
സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി കാര്യങ്ങള്‍ നേരെയാക്കുക എന്ന റിസര്‍വ് ബാങ്കിന്റെ ആഹ്വാനം ശരിയായ ദിശയിലുള്ളതല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. ഇത് പൊതുചെലവുകളും കടത്തിന്റെ തോതും സ്വാഭാവികമായി ഉയര്‍ന്നും. എന്നാല്‍ ഡിമാന്‍ഡ്, സാമ്പത്തിക സ്ഥിതി എന്നിവയുടെ ഉണര്‍വിന് ഇത് ആവശ്യമാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
കേരളം ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ ധനകാര്യ സ്ഥിതിയുള്ള സംസ്ഥാനമാണെന്ന റിസര്‍വ് ബാങ്കിന്റെ നിഗമനങ്ങളെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.