''2025ല്‍ കൊച്ചി മെട്രോ കാക്കനാടെത്തും''
കൊച്ചി നഗരത്തില്‍ സമഗ്ര പൊതുഗതാഗത സംവിധാനം സജ്ജമാക്കുന്നതിനുള്ള ഭാവി പദ്ധതികള്‍, വാട്ടര്‍ മെട്രോയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍, നഗരത്തിലെ മറ്റ് പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ എന്നിവയെക്കുറിച്ച് ലോക്‌നാഥ് ബെഹ്‌റ വിശദീകരിക്കുന്നു.
''വലിയ പ്രതികൂല സാഹചര്യങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 2025ലെ ഓണത്തിന് മെട്രോ കാക്കനാട് എത്തും''- കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റ പറയുന്നു. നഗരങ്ങളിലെ പൊതുഗതാഗത രംഗത്ത് മെട്രോ റെയ്ല്‍ അനിവാര്യമായ ഘടകമായി മാറുന്ന ഇക്കാലത്ത് കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയ്‌ലിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കാക്കനാടേക്കുള്ള മെട്രോ പൂര്‍ത്തിയാകാന്‍ എത്ര കാലമെടുക്കും?
നിര്‍മാണം തുടങ്ങി 24 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഞങ്ങളുടെ ലക്ഷ്യം. 2025 ഓഗസ്റ്റില്‍, വലിയ പ്രതികൂല സാഹചര്യങ്ങളൊന്നുമുണ്ടായില്ലെങ്കില്‍, മെട്രോ കാക്കനാട് എത്തും. 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയുടെ നിര്‍മാണത്തിന് 1,957 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. അതിനുള്ളില്‍ നിര്‍മാണ ചെലവ് നിര്‍ത്താന്‍ അതിവേഗം പണി നടത്തണം. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അത് സാധ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ എത്തുമോ?
എല്ലാ രാജ്യത്തും മെട്രോ ട്രെയ്‌നുകള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് സര്‍വീസ് നടത്തുക. ഡെല്‍ഹി മെട്രോ തന്നെ നോക്കൂ. ജനപ്രതിനിധികളും ഭരണാധികാരികളും വരെ വിമാനത്താവളത്തിലെത്താന്‍ ഇപ്പോള്‍ ഡെല്‍ഹി മെട്രോയെ ആശ്രയിക്കുന്നു.
കൊച്ചിയെ സംബന്ധിച്ച് കലൂരില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താന്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഏറെ കുറഞ്ഞ ചെലവില്‍ മെട്രോ വന്നതിനു ശേഷം എത്താന്‍ സാധിക്കും. മാത്രമല്ല നിശ്ചിത എണ്ണം യാത്രക്കാരെയും ഉറപ്പാക്കാന്‍ കഴിയും. അങ്കമാലിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലാനാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. മൂന്നാം ഘട്ട മെട്രോയുടെ രൂപരേഖ അധികം വൈകാതെ സമര്‍പ്പിക്കും.
തൃപ്പൂണിത്തുറ വരെയുള്ള സര്‍വീസ്, തൃപ്പൂണിത്തുറ - ഇന്‍ഫോപാര്‍ക്ക് മെട്രോ ഇവയൊക്കെ എപ്പോള്‍ യാഥാര്‍ത്ഥ്യമാകും?
തൃപ്പൂണിത്തുറ വരെ അധികം വൈകാതെ മെട്രോ എത്തും. തൃപ്പൂണിത്തുറയില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള ലൈനും പരിഗണനയിലുണ്ട്. ഇവയെല്ലാം ഘട്ടംഘട്ടമായി സാക്ഷാത്ക്കരിക്കാനാണ് നീക്കം. ഇതുകൂടാതെ മറൈന്‍ ഡ്രൈവ്, ഹൈക്കോര്‍ട്ട് എന്നിവയെ കൂടി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് സമഗ്രമായ സംവിധാനമായി കൊച്ചി മെട്രോ മാറുമോ?
തീര്‍ച്ചയായും, അതാണ് ലക്ഷ്യം. കാരണം കൊച്ചി അങ്ങേയറ്റം പാരിസ്ഥിതികമായി ദുര്‍ബലമായ നഗരമാണ്. സ്വകാര്യ വാഹനങ്ങളെ നിരത്തില്‍ നിന്ന് പരമാവധി മാറ്റി പൊതുഗതാഗത സംവിധാനം അങ്ങേയറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇത് തന്നെയാണ് പുതിയ പ്രവണത. ഇന്ന് അതിവേഗത്തില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന പൊതുഗതാഗത സംവിധാനത്തില്‍ പ്രഥമ ഗണത്തില്‍ പെടുന്നതാണ് മെട്രോ. കേന്ദ്ര സര്‍ക്കാരും മെട്രോ റെയ്ല്‍ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മാത്രമല്ല ഇന്ന് മെട്രോ റെയ്ല്‍ സംബന്ധമായതെല്ലാം രാജ്യത്ത് നിര്‍മിക്കുന്നുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി സിംഗപ്പൂരിന് സമാനമായ പൊതുഗതാഗത സംവിധാനം കൊച്ചിയില്‍ കൊണ്ടുവരാന്‍ പറ്റും.
പശ്ചിമ കൊച്ചിയുടെ യാത്രാ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കും?
വാട്ടര്‍ മെട്രോയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി വാട്ടര്‍മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് നടത്താനാകും. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ബോട്ടുകളും ലഭിക്കേണ്ടതായുണ്ട്. പശ്ചിമ കൊച്ചിയിലുള്ളവരെ ചുരുങ്ങിയ ചെലവില്‍, സുരക്ഷിതമായി കൊച്ചി നഗരത്തിലേക്ക് എത്തിക്കാനുള്ള മാര്‍ഗമാണ് വാട്ടര്‍ മെട്രോ. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് സൗത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് വൈകാതെ തുടങ്ങാനാകും.
കേരളത്തില്‍ മറ്റേതൊക്കെ നഗരങ്ങളില്‍ മെട്രോ സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്?
തിരുവനന്തപുരത്തും കോഴിക്കോടും അത്യാധുനിക പൊതുഗതാഗത സംവിധാനം അനിവാര്യമാണ്. തിരുവനന്തപുരത്ത് മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ട്. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളെ സ്പര്‍ശിച്ചുകൊണ്ടു വേണം തിരുവനന്തപുരത്ത് മെട്രോ സര്‍വീസ് നടത്താന്‍. അതില്‍ തന്നെ ശ്രീകാര്യം, പട്ടം, ഉള്ളൂര്‍, എം.ജി റോഡ്, പഴവങ്ങാടി റൂട്ടില്‍ രാത്രിയില്‍ യാത്രക്കാരെ ലഭിക്കുമോ, ലാഭക്ഷമതയോടെ നടത്താനാവുമോ എന്ന സംശയങ്ങളുണ്ട്. 40-50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ 10,000 കോടി രൂപയോളം വേണം. അത്രയും നിക്ഷേപം നടത്തേണ്ടെന്ന് തീരുമാനിച്ചാല്‍ ബദല്‍ മാര്‍ഗമെന്താണെന്ന ചോദ്യവും ഉയരും. എന്തായാലും ഇക്കാര്യങ്ങളെല്ലാം ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഒട്ടനവധി പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവയെല്ലാം കോഴിക്കോടുണ്ട്. ഒരു മണിക്കൂറില്‍ ഒരു വശത്തേക്ക് എത്രപേര്‍ സഞ്ചരിക്കുന്നുവെന്നറിയുന്നതിനുള്ള പഠനം നടത്തിവരികയാണ്. കേരളത്തില്‍ അതി
വേഗം വളരുന്ന നഗരമാണ് കോഴിക്കോട്. അവിടെ അത്യാധുനിക പൊതുഗതാഗത സംവിധാനം വരേണ്ടതും അനിവാര്യമാണ്.
നഗരത്തിന് ആധുനിക മുഖം നല്‍കി മെട്രോ
കൊച്ചി മെട്രോ ആദ്യഘട്ട നിര്‍മാണം തുടങ്ങും മുമ്പ് തന്നെ നഗരത്തിലെ ഗതാഗതം സുഗമമായി നടക്കാന്‍ അനുബന്ധ റോഡുകളുടെയും ഇട റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്തിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനത്തില്‍ മെട്രോ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തൈക്കുടം മെട്രോ സ്റ്റേഷന് സമീപമുള്ള കുന്നറ പാര്‍ക്ക് നവീകരണം, പനമ്പിള്ളി നഗറിലെ വാക്ക് വേയുടെ നവീകരണം എന്നിവയെല്ലാം കൊച്ചി മെട്രോ ഏറ്റെടുത്ത് നടപ്പാക്കി. ''മനോരമ ജംഗ്ഷന്‍ മുതല്‍ പേട്ട വരെ റോഡിന്റെ ഇരുവശത്തും നടപ്പാത നിര്‍മാണം പുരോഗമിക്കുകയാണ്. അര്‍ധരാത്രി പോലും ഒരു പെണ്‍കുട്ടിക്ക് തനിച്ച് സുരക്ഷിതമായി നടക്കാന്‍ സാധിക്കുന്ന വിധം നഗരത്തെ സുരക്ഷിതമാക്കണം''- ലോക്‌നാഥ് ബെഹ്‌റ പറയുന്നു. മെട്രോ വന്നതോടെ നഗരത്തിലെയും ചേര്‍ന്നുനില്‍ക്കുന്ന സ്ഥലങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.കാക്കനാടേക്കുള്ള രണ്ടാംഘട്ട വികസനത്തില്‍ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാകില്ല. പകരം സ്വകാര്യ വ്യക്തികളുമായി ചേര്‍ന്ന് പാര്‍ക്കിംഗ് സംവിധാനം സജ്ജമാക്കാനാണ് ശ്രമം. ഇതും നഗരപ്രദേശത്ത് പുതിയ ബിസിനസ് അവസരമാകുമെന്ന് ലോക്‌നാഥ് ബെഹ്‌റ പറയുന്നു.
മെട്രോയിലെ ടിക്കറ്റിംഗ് പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്. മെട്രോ, വാട്ടര്‍ മെട്രോ, ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കാനാണ് ശ്രമം. ഇതോടൊപ്പം ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഇ-ഓട്ടോറിക്ഷകളും നിരത്തിലിറക്കും.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വികസന മാതൃകയാണ് കൊച്ചി മെട്രോ പിന്തുടരുന്നത്. ''വനിതകള്‍ക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്‍കി പ്രതിദിനം 1,000 രൂപയോളം വരുമാനം ഉറപ്പാക്കാന്‍ പറ്റുന്ന വിധമാണ് മെട്രോ ഇപ്പോള്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പക്ഷേ ആവശ്യത്തിന് അപേക്ഷകരെ കണ്ടെത്താനായിട്ടില്ല.
മനുഷ്യവിഭവശേഷി സൂചികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇവിടുത്തെ സ്ത്രീ സമൂഹത്തിന് അവരുടെ അറിവും കഴിവും വൈദഗ്ധ്യവും പുറത്തെടുത്ത് മികച്ച ജീവിത നിലവാരം നേടിയെടുക്കാനുള്ള പിന്തുണ കുടുംബവും സമൂഹവും നല്‍കേണ്ടിയിരിക്കുന്നു''- ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നു.
ടിക്കറ്റേതര വരുമാനം കൂട്ടാന്‍ പല വഴികള്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ''വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈവര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ്ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ മൂന്ന് വര്‍ഷം മുമ്പ് 60 കോടി രൂപ നഷ്ടമായിരുന്നു. അതിന് ശേഷമുള്ള വര്‍ഷത്തില്‍ നഷ്ടം 34 കോടിയായി. കഴിഞ്ഞ വര്‍ഷം മൂന്ന് കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനായി''- ലോക്‌നാഥ് ബെഹ്‌റ പറയുന്നു.
ഒരു ദിവസം ശരാശരി ഒരുലക്ഷം പേരെങ്കിലും മെട്രോയില്‍ യാത്ര ചെയ്യേണ്ടിയിരിക്കുന്നു. യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളുണ്ട്. കമ്പനികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ടിക്കറ്റുകള്‍ ബള്‍ക്കായി നിരക്കില്‍ ഇളവുകളോടെ വാങ്ങാനുള്ള സൗകര്യം, ഫീഡര്‍ ബസുകള്‍, വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജ്, പാര്‍ക്കിംഗിന് പ്രത്യേകം സംവിധാനമൊരുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കൊച്ചി മെട്രോ നടപ്പാക്കുന്നുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നു. ''ടിക്കറ്റേതര വരുമാനം കൂട്ടാനും സാധ്യമായതെല്ലാം ചെയ്തുവരുന്നു. നിലവിലെ മെട്രോ സ്റ്റേഷനുകള്‍ക്കുള്ളിലെ വാണിജ്യാവാശ്യത്തിനുള്ള സ്ഥലങ്ങള്‍ പകുതിയോളം വാടകയ്ക്ക് പോയിട്ടുണ്ട്. ബാക്കിയുള്ളവ കൂടി വാടകയ്ക്ക് നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നു''- ലോക്‌നാഥ് ബെഹ്‌റ പറയുന്നു.
മെട്രോയിലുണ്ട് ബിസിനസ് അവസരങ്ങള്‍
മെട്രോ സ്റ്റേഷനുകളില്‍ ബിസിനസ് ഓഫീസുകളും സ്റ്റോറുകളും ആരംഭിക്കുന്നത് മുതല്‍ ബ്രാന്‍ഡിംഗ്, പ്രോഡക്റ്റ് ലോഞ്ചിംഗ്, പ്രോഡക്റ്റ്ഡിസ്‌പ്ലേ തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍ അവസരമുണ്ട്. ''ആലുവ മുതലുള്ള എല്ലാ സ്റ്റേഷനിലും ബ്രാന്‍ഡിംഗ് നടത്താം. പല സ്റ്റേഷനുകളുടെയും ഇതിനുള്ള അവകാശം ഇപ്പോള്‍ തന്നെ ബിസിനസ് ഗ്രൂപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളുടെ പേരും അനൗണ്‍സ്മെന്റുമെല്ലാം ആ ബ്രാന്‍ഡിന്റെ പേര്(ഉല്‍പ്പന്ന നാമം)കൂടി ചേര്‍ത്താവും.
ഡിസ്‌പ്ലേകളിലും ബ്രാന്‍ഡ് നെയിമുണ്ടാകും''- ലോക്‌നാഥ് ബെഹ്‌റ പറയുന്നു. ഇത് കൂടാതെ ട്രെയ്ന്‍ റാപ്പിംഗ്, സ്റ്റേഷനുള്ളിലും ട്രെയ്‌നിനുള്ളിലും രൂപകല്‍പ്പനയുടെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള ബ്രാന്‍ഡിംഗ് സൗകര്യമെല്ലാം ഇപ്പോഴുണ്ട്.
മെട്രോ സ്റ്റേഷനുകളില്‍ ഓഫീസ് സ്‌പേസുകളും റീറ്റെയ്ല്‍ സ്‌പേസുകളും ലഭ്യമാണ്. അതുപോലെ തന്നെ മെട്രോയ്ക്കുള്ളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള അവസരമുണ്ട്. സിനിമ, സീരിയല്‍, ഡോക്യുമെന്ററി ഷൂട്ടിംഗ്, സിനിമാ പ്രൊമോഷന്‍ സംബന്ധിച്ചുള്ള പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം ഇപ്പോള്‍ സൗകര്യമുണ്ട്.
(originally published in Dhanam August15 issue)