ചിട്ടിയില്‍ ചേരാം, മാസത്തവണയും അടയ്ക്കാം; കെ.എസ്.എഫ്.ഇ മൊബൈല്‍ ആപ്പ് എത്തി
പുതിയ ഡയമണ്ട് ചിട്ടികളുടെ പ്രഖ്യാപനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു
ചിട്ടി ഉള്‍പ്പെടെയുള്ള കെ.എസ്.എഫ്.ഇ ഇടപാടുകള്‍ ഇനി എളുപ്പം. ഇടപാടുകാര്‍ക്കായി 'കെ.എസ്.എഫ്.ഇ പവര്‍' എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതി പത്രം (പ്രോക്‌സി) നല്‍കാനും അക്കൗണ്ട് പരിശോധിക്കാനുമൊക്കെ ഇനി ആപ്പ് വഴി സാധിക്കും. ഏറെക്കാലമായുള്ള ഇടപാടുകാരുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.
ചിട്ടി ഉടമകള്‍ക്ക് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചിട്ടി വിളിച്ചെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പില്‍ നല്‍കിയിട്ടുള്ള ഇ.എം.ഐ കാല്‍കുലേറ്റര്‍ ഉപയോഗിച്ച് മാസത്തവണ കണക്കാക്കാം. ഇതുവരെ നടത്തിയ ഇടപാടുകള്‍ വിവരങ്ങള്‍ പരിശോധിക്കാനും ആപ്പ് വഴി സാധിക്കും.