കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്, 128 കോടി രൂപ വകയിരുത്തി

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ അനുവദിച്ചത് 4,917.92 കോടി രൂപ

Update:2024-02-05 12:56 IST

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈത്താങ്ങുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നാലാം ബജറ്റ്. ഇത്തവണ 128.54 കോടി രൂപയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സിക്കായി വകയിരുത്തിയത്. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ ബി.എസ്-6 നിലവാരത്തിലുള്ള ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനായി 92 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടിസിക്ക് വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 4,917.92 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. 2016-21 കാലയളവില്‍ 5,002.13 കോടി രൂപയും അനുവദിച്ചിരുന്നു.
ഗതാഗത മേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന് 35.52 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റുകള്‍ അധുനികവത്കരിക്കുന്നതിനായി 2.50 കോടി രൂപയും വകയിരുത്തി.
Tags:    

Similar News