ഭൂമി തരം മാറ്റം: അഞ്ച് ദിവസത്തിനകം തീര്‍പ്പാക്കാമെന്ന് മന്ത്രി

ലൈഫ് ഗുണഭോക്താക്കളുടെയടക്കം 2.26 ലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്

Update:2023-09-14 11:06 IST

Image : Canva

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ അഞ്ച് ദിവസത്തിനകം തീര്‍പ്പാക്കുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ക്ക് (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍/എസ്.ഒ.പി) രൂപം നല്‍കിയതായി റവന്യു മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു.

പുതിയ നിര്‍ദേശപ്രകാരം സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത അപേക്ഷകളില്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് താലൂക്ക് ഓഫീസില്‍ ലഭിച്ചാല്‍ നടപടിക്രമം തയ്യാറാക്കുന്നത് ഒഴിവാക്കി 48 മണിക്കൂറിനുള്ളില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഭൂരേഖകളില്‍ മാറ്റം വരുത്തുന്നതിനായാണ് വില്ലേജ് ഓഫീസര്‍ക്ക് കൈമാറുന്നത്. തരം മാറ്റ ഉത്തരവില്‍ തന്നെ ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, തണ്ടപ്പേര്‍ എന്നിവ രേഖപ്പെടുത്തണം.
ആര്‍.ഡി.ഒയുടെ ഉത്തരവിന്റെയും തഹസില്‍ദാറുടെ കത്തിന്റെയും നമ്പറും തീയതിയും ഉള്‍പ്പെടെ സപ്ലിമെന്ററി ബേസിക് ടാക്‌സ് രജിസ്റ്ററില്‍ (ബി.ടി.ആറില്‍) രേഖപ്പെടുത്തി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകന് കരം അടച്ച് രസീത്‌ നല്‍കണം.
സബ്ഡിവിഷന്‍ ആവശ്യമുള്ളപ്പോള്‍
സബ്ഡിവിഷനും ജലസംരക്ഷണവും ആവശ്യമുള്ള കേസുകളിലെ ഭൂമി പ്രത്യേകമായി സബ്ഡിവിഷന്‍ ചെയ്യണം. നിയമവും ചട്ടവും അനുവദിക്കുന്ന സാഹചര്യത്തില്‍ സര്‍വേ നടപടി താത്കാലികമായി ഒഴിവാക്കി തരം മാറ്റിയ ഭൂമിയുടെ വിസ്തീര്‍ണത്തിന് അനുസൃതമായി താത്കാലിക സബ്ഡിവിഷന്‍ അനുവദിച്ച് ഭൂനികുതി തിട്ടപ്പെടുത്തി തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറണം. പിന്നീട് വരുന്ന സര്‍വേ നടപടികളുമായി സഹകരിക്കുമെന്നും ഭൂവിസ്തൃതിയില്‍ കുറവുകണ്ടാല്‍ അംഗീകരിക്കുമെന്നും അപേക്ഷകന്‍ സത്യപ്രസ്താവന നല്‍കണം. റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയ ശേഷം സര്‍വേ, സബ്ഡിവിഷന്‍ നടത്താന്‍ ഫയല്‍ സര്‍വേ വിഭാഗത്തിന് കൈമാറിയാല്‍ മതി.
പുതിയ നിയമം നിലവില്‍ വന്നതോടെ തരംമാറ്റ ഉത്തരവ് ലഭിച്ച ശേഷം രേഖകളില്‍ മാറ്റം വരുത്താനുളള കേസുകള്‍ ചുരുങ്ങിയ സമയത്തിനിള്ളില്‍ തീര്‍പ്പാക്കാനാകും. തുടര്‍ന്ന് ലഭിക്കുന്ന അപേക്ഷകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റലിനായി താലൂക്ക് ഓഫീസുകളില്‍ നല്‍കിയ 2,26,037 അപേക്ഷകളാണ് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ ലൈഫ് മിഷന്‍ വീട് നിര്‍മാണത്തിന് അനുമതി കാക്കുന്നവരുമുണ്ട്.

ഭേദഗതി ബില്‍ പാസാക്കി

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്‍ നിയമസഭ ഇന്നലെ പാസാക്കി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ആര്‍.ഡി.ഒമാര്‍ക്ക് മാത്രമായിരുന്നു ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള അധികാരം. അതു മൂലം ഭൂമി തരം മാറ്റ നടപടികള്‍ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് കൂടി ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള അധികാരം നല്‍കുകയാണ് ഈ ബില്ലിലൂടെ. ഇതിലൂടെ തരം മാറ്റ നടപടികളിലെ കാലതാമസം മറി കടക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News