എം.എ. യൂസഫലിക്ക് ഫെഡറല്‍ ബാങ്കിലെ നിക്ഷേപം നല്‍കിയത് ₹689 കോടിയുടെ നേട്ടം
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ചത് 418 കോടി രൂപ
കേരളം ആസ്ഥാനമായ എല്ലാ പ്രമുഖ ബാങ്കുകളിലും നിക്ഷേപമുള്ള വ്യക്തിയാണ് പ്രമുഖ പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ എം.എ. യൂസഫലി. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയിലായി 1,650 കോടി രൂപയുടെ നിക്ഷേപമുണ്ട് ഇദ്ദേഹത്തിന്. ഇതില്‍ 1,100 കോടിയും ഫെഡറല്‍ ബാങ്ക് ഓഹരിയിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ഓഹരിയിലെ നിക്ഷേപത്തിലൂടെ മാത്രമുള്ള എം.എ. യൂസഫലിയുടെ നേട്ടം 689 കോടി രൂപയും.
Also Read - യൂസഫലിക്ക് കേരളത്തിലെ അഞ്ച് മുന്‍നിര ബാങ്കുകളിലും ഓഹരി പങ്കാളിത്തം, ഫെഡറല്‍ ബാങ്കില്‍ മാത്രം ₹1,100 കോടി
2013 മുതല്‍ നിക്ഷേപം
2013 ജൂണ്‍പാദത്തില്‍ എമിറേറ്റ്‌സ് എന്‍.ബി.ഡി ബാങ്കിന്റെ ഉപകമ്പനിയായ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് 63 ലക്ഷം ഓഹരികള്‍ വാങ്ങികൊണ്ടാണ് ലുലുഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ആദ്യമായി ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ നിക്ഷേപിക്കുന്നത്. അന്ന് ഓഹരികള്‍ വാങ്ങിയ യഥാര്‍ത്ഥ വില വ്യക്തമല്ലെങ്കിലും ആ പാദത്തിലെ ശരാശരി ഓഹരി വില കണക്കാക്കിയാല്‍ ഏകദേശം 447.77 രൂപയ്ക്കായിരിക്കണം നിക്ഷേപം. അതിനു ശേഷം ഓഹരി വിഭജനവും ബോണസ് ഇഷ്യുവും നടത്തിയതിനാല്‍ പിന്നീട് ഒരു ഓഹരിയുടെ വില 44.78 രൂപയായി.
വിഭജനത്തോടെ ഇരട്ടിയായി
2013 നവംബറിലാണ് ഫെഡറല്‍ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികളെ 2 രൂപ വിലയുള്ള ഓഹരികളാക്കി വിഭജിച്ചത്. അതായത് എം.യൂസഫലി ഓഹരി സ്വന്തമാക്കി അഞ്ച് മാസത്തിനു ശേഷം. അതുവഴി യൂസഫലിയുടെ പക്കലുള്ള ഓരോ ഓഹരിക്കും അദ്ദേഹത്തിന് 4 ഓഹരി വീതം അധികം ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 63 ലക്ഷത്തില്‍ നിന്ന് 3.16 കോടിയായി. പിന്നീട് 2015 ജൂലൈയില്‍ ഫെഡറല്‍ ബാങ്ക് ബോണസ് ഇഷ്യു നടത്തി. ഒരു ഓഹരിക്ക് ഒന്നെന്ന രീതിയിലായിരുന്നു ബോണസ് ഇഷ്യു. അതോടെ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം നേരെ ഇരട്ടിയായി 6.32 കോടിയിലെത്തി.
165 ശതമാനം ലാഭം
2017 സെപ്റ്റംബര്‍ പാദത്തില്‍ അദ്ദേഹം വീണ്ടും 1.17 കോടി ഓഹരികള്‍ കൂടി ഫെഡറല്‍ ബാങ്കില്‍ വാങ്ങി. അന്നത്തെയും ഏറ്റെടുക്കല്‍ വില ലഭ്യമല്ല. എങ്കിലും ആ പാദത്തിലെ ശരാശരി വിലയ്ക്കാണ് ഓഹരി ഏറ്റെടുക്കലെന്ന് കണക്കാക്കിയാല്‍ 112.7 രൂപ നിരക്കില്‍ മൊത്തം 132 കോടി രൂപയായിരിക്കണം അദ്ദേഹം നിക്ഷേപിച്ചത്. തുടര്‍ന്ന് 2019 സെപ്റ്റംബറില്‍ 3.72 ലക്ഷം ഓഹരികള്‍ കൂടി വാങ്ങി. അന്നത്തെ ഓഹരിയുടെ ശരാശരി വിലയനുസരിച്ച് അദ്ദേഹം മുടക്കിയത് 85.48 കോടി രൂപയാണ്.
അങ്ങനെ ഇതുവരെയുള്ള ഓഹരിയുടെ ശരാശരി വില കണക്കാക്കിയാല്‍ 55.52 രൂപ നിരക്കില്‍ 418 കോടി രൂപയാണ് ഫെഡറല്‍ ബാങ്കില്‍ അദ്ദേഹത്തിന്റെ നിക്ഷേപം. നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരിവില 147.1 രൂപയാണ്. ഇതനുസരിച്ച് യൂസഫലി ഫെഡറല്‍ ബാങ്കിലുള്ള മൊത്തം 7.52 കോടി ഓഹരികളുടെ മൂല്യം 1,106 കോടി രൂപ വരും. അതായത് ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ യൂസഫലിയുടെ നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 689 കോടി രൂപയാണ്. 165 ശതമാനത്തിലധികം ക്ക്നേട്ടം. കൂടാതെ അദ്ദേഹത്തിന്റെ നിക്ഷേപം 11 ശതമാനം വാര്‍ഷിക ശരാശരി റിട്ടേണും നല്‍കിയിട്ടുണ്ട്.
മലയാളി സമ്പന്നരിൽ ഒന്നാമൻ
ലഭ്യമായ വിവരങ്ങള്‍ പ്രകാരം കേരളത്തിലെ ബാങ്കുകളില്‍ മാത്രമാണ് എം.എ യൂസഫലിക്ക് ഓഹരിയുള്ളത്. കൂടാതെ സിയാല്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം 60,000 കോടി രൂപയുടെ ആസ്തിയാണ് എം.എ. യൂസഫലിക്കുള്ളത്. ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ 27-ാം സ്ഥാനത്താണ് തൃശൂര്‍ സ്വദേശിയായ എം.എ. യൂസഫലി. മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തും.