നവാസ് മീരാന്‍ സ്ഥാനമൊഴിയുന്നു, ഈസ്‌റ്റേണിന്റെ തലപ്പത്ത് പുതിയ മുഖം

പുതിയ സി.ഇ.ഒ ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും, ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ലയുടെ കൈവശമാണ്

Update:2024-02-16 17:26 IST

നവാസ് മീരാന്‍, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍

കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന-കറിപ്പൊടി-ഭക്ഷ്യോത്പന്ന കമ്പനിയായ ഈസ്റ്റേണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി എസ്.മുരളിയെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ നവാസ് മീരാന്‍ മാര്‍ച്ച്‌ 31ന് സ്ഥാനമൊഴിയും.

നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ഓര്‍ക്‌ല ഇന്ത്യ 2020ല്‍ ഈസ്‌റ്റേണ്‍ കോണ്ടമെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഏറ്റെടുക്കലിനു ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി ചെയര്‍മാന്‍ സ്ഥാനത്ത് നവാസ് മീരാന്‍ തുടരുമെന്നതായിരുന്നു കരാര്‍. കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. തുടര്‍ന്നും ഈസ്റ്റേണിന്റെ ബോര്‍ഡില്‍ നവാസ് മീരാനുണ്ടാകും. ഈസ്റ്റേണില്‍ നിലവില്‍ നവാസ് മീരാന്‍, ഫിറോസ് മീരാന്‍ സഹോദരന്മാര്‍ക്ക് 9.99 ശതമാനം ഓഹരിയുണ്ട്.

പുനഃസംഘടനയുടെ ഭാഗം

ഓര്‍ക്‌ല ഇന്ത്യ രാജ്യത്ത് ഏറ്റെടുത്ത ബിസിനസുകളായ എം.ടി.ആര്‍, ഈസ്റ്റേണ്‍ എന്നിവയെയും ഇന്റര്‍നാഷണല്‍ ബിസിനസിനെയും മൂന്നു വ്യത്യസ്ത യൂണിറ്റുകളായി സമീപകാലത്ത് പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമനം.

ഏപ്രില്‍  ഒന്നിനാണ് മുരളി ചുമതലയേല്‍ക്കുക. കൊച്ചിയിലെ ഈസ്റ്റേണ്‍ ഓഫീസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മുരളി കേരള വിപണിയില്‍ ഓര്‍ക്‌ല ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഈസ്റ്റേണ്‍ ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയ്‌ക്കും നേതൃത്വം നല്‍കും. കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയിലും ടെലികമ്യൂണിക്കേഷന്‍ രംഗത്തും മൂന്നു ദശകക്കാലത്തെ അനുഭവസമ്പത്തുമായാണ് മുരളിയുടെ കടന്നു വരവ്. ബ്ലോപാസ്റ്റ്, വോഡാഫോണ്‍ ഇന്ത്യ തുടങ്ങിയ കമ്പനികളില്‍ നേതൃ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

വിപണിയിലെ മുന്‍നിര സ്ഥാനം പ്രയോജനപ്പെടുത്തി നൂതനമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ബ്രാന്‍ഡിന്റെ സാന്നിധ്യം സുപ്രധാന മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും വഴി ഈസ്റ്റേണിന്റെ വിജയത്തെ കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന്‌  മുരളി പറഞ്ഞു.

Tags:    

Similar News