ഒറ്റക്കാലിൽ ഒരു ട്രെയിൻ യാത്ര; ശ്വാസം മുട്ടി കുഴഞ്ഞു വീണ് യാത്രക്കാർ: ആലപ്പുഴ-എറണാകുളം പാസഞ്ചറിൽ ഇത് നിത്യകാഴ്ച

തുറവൂർ- അരൂർ ആകാശപ്പാതയുടെ നിർമാണം മൂലമുള്ള ഗതാഗത കുരുക്ക്‌ രൂക്ഷമായതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി

Update:2024-07-24 13:20 IST

നിന്നു തിരിയാൻ ഇടമില്ലാത്ത വിധം തിരക്കുള്ള ആലപ്പുഴ - എറണാകുളം പാസഞ്ചർ ട്രെയിനിൽ നിരവധി യാത്രക്കാർ ശ്വാസം മുട്ടി, തല കറങ്ങി കുഴഞ്ഞു വീഴുന്നത് നിത്യ കാഴ്ച. ദിവസം ചെല്ലുന്തോറും പരാതികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും റെയില്‍വേയുടെ ഭാഗത്തു നിന്ന് പരിഹാരമൊന്നുമുണ്ടാകുന്നില്ല. ജനപ്രതിനിധികള്‍ക്കടക്കം  പാസഞ്ചര്‍ ട്രെയിന്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അവരും ഈ വിഷയിത്തിലിതുവരെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല.

ദീര്‍ഘകാല ആവശ്യം

പാസഞ്ചര്‍ യാത്രയ്ക്കായി മെമു അവതരിപ്പിച്ചതു മുതല്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ 17 കോച്ചുകളുണ്ടായിരുന്ന സ്ഥാനത്താണ് 8 കോച്ചുകള്‍ മാത്രമുള്ള മെമു കൊണ്ടു വന്നത്. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇത് 12 ആക്കിയെങ്കിലും തിരക്കിന് പരിഹാരമായിരുന്നില്ല. അതിനിടയിലാണ് ഇപ്പോള്‍ തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഉയരപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. ദേശീയ പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായതോടെ കൂടുതല്‍ ആളുകള്‍ ബസും ബൈക്കുമൊക്കെ ഉപേക്ഷിച്ച് ട്രെയിനിനെ ആശ്രയിക്കാന്‍ തുടങ്ങിയത് തിരക്ക് അസഹനീയമാക്കി. 
രാവിലെ ആലപ്പുഴയില്‍ നിന്നെടുക്കുന്ന ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനായ തുമ്പോളിയിലെത്തുമ്പോള്‍ തന്നെ സീറ്റിംഗ് കപ്പാസിറ്റിയിലധികം യാത്രക്കാരുണ്ടാകും. ചേര്‍ത്തല എത്തുമ്പോള്‍ നില്‍ക്കാന്‍ പോലുമിടമില്ലാത്ത അവസ്ഥയാണ്. പിന്നെയും അഞ്ച് സ്റ്റേഷനുകളില്‍ നിന്നു കൂടി ആളുകള്‍ കയറാനുണ്ട്. തിക്കിയും തിരക്കിയും അനങ്ങാന്‍ പോലുമാകാതെ ഒറ്റക്കാലില്‍ നിന്നാണ് ബാക്കിയുള്ള സ്‌റ്റേഷനുകള്‍ പിന്നിടുന്നത്. ഇതിനിടയില്‍ പലരും തലകറങ്ങിയും മറ്റും വീഴുന്നുണ്ടെങ്കിലും സീറ്റിലേക്ക് പോലും ഇരുത്താനാകുന്നില്ല.
പോരാത്തതിന് പിടിച്ചിടലും

രാവിലെ ഇത്രയും യാത്രക്കാരുമായെത്തുന്ന ട്രെയിന്‍ തുറവൂര്‍ സ്റ്റേഷനില്‍ അരമണിക്കൂറിനടുത്ത് പിടിച്ചിടുകയും ചെയ്യും. എറണാകുളത്തു നിന്ന് കായംകുളത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ ക്രോസിംഗിന് വേണ്ടിയാണിത്. എന്നാല്‍ പലപ്പോഴും വളരെ വൈകിയാണ് ഈ ട്രെയിന്‍ തുറവൂര്‍ സ്‌റ്റേഷനിലെത്തുന്നത്. 8.10ന് തുറവൂരെത്തിയാലും ട്രെയിന്‍ ഇവിടെ നിന്നെടുക്കുമ്പോൾ 8.35 വരെ ആകാറുണ്ട് . വന്ദേ ഭാരതിനു വേണ്ടി എറണാകളുത്തു നിന്നെടുക്കുന്ന പാസഞ്ചറിന്റെ സമയം 7.25ല്‍ നിന്ന് 7.50ലേക്ക് മാറ്റിയതോടെയാണ് ഇവിടെ കൂടുതല്‍ സമയം കാത്തുകിടക്കേണ്ടി വരുന്നത്‌.

വൈകിട്ട് 6.25ന് തിരിച്ച് കായംകുളത്തേക്ക് പോകുന്ന ട്രെയിനിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് മണിക്ക് മുന്‍പ് സ്റ്റേഷനിലെത്തിയില്ലെങ്കില്‍ ട്രെയിനിന് അകത്തേക്ക് കയറാനാകാത്ത വിധം തിരക്കാകും. വന്ദേഭാരതിന്റെ വരവോടെയാണ് ഇതിന്റെ സമയക്രമം 6.25 ആക്കിയത്. അതിനു മുമ്പ് 6 മണിക്ക് എടുത്തിരുന്നതാണ്. 25 മിനിറ്റ് വൈകി എടുക്കുന്ന ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനില്‍ വന്ദോഭാരതിന്റെ ക്രോസിംഗിനായി പിടിച്ചിടുകയും ചെയ്യും. 7 മണിക്ക് ശേഷമാണ് പിന്നെ കുമ്പളത്ത് നിന്ന് യാത്ര തുടരുന്നത്. തുറവൂർ എത്തുമ്പോൾ ആലപ്പുഴയിൽ നിന്ന് വരുന്ന പാസഞ്ചർ കടന്നു പോകാനായി വീണ്ടും 10-15 മിനിറ്റ് പിടിച്ചിടും. തീർത്തും അശാസ്ത്രീയമായാണ് റയില്‍വേ സമയക്രമം നിശ്ചയിക്കുന്നെന്നും ആക്ഷേപമുണ്ട്.

പലപ്പോഴും സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ വളരെ വൈകിയാണ് വീടുകളിലെത്തുന്നത്. ട്രെയിന്‍ എത്താന്‍ താമസിക്കുന്നതോടെ പലപ്പോഴും ഇടറോഡുകളിലും  മറ്റും താമസിക്കുന്നവര്‍ക്ക് ബസ് കിട്ടാതെയും വരുന്നുണ്ട്. ചെറിയ വരുമാനക്കാരായവരാണ് ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നത്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓട്ടോയ്ക്ക് ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് മാരാരിക്കുളം സ്‌റ്റേഷനില്‍ ഇറങ്ങുന്ന ഒരു യാത്രക്കാരി പറഞ്ഞു. വീട്ടു ജോലികളും കുട്ടികളുടെ കാര്യവും പോലും കൃത്യമായി ചെയ്യാനാകുന്നില്ലെന്ന് പലരും പരിഭവിക്കുന്നു.
നാല് മടങ്ങ് അധികം യാത്രക്കാര്‍
ഒരു ബോഗിയിൽ 180 പേരെന്നതാണ് റെയില്‍വേയുടെ കണക്ക്. നിലവില്‍ അതിന്റെ നാല് മടങ്ങ് യാത്രക്കാരാണ് ഓരോ ബോഗിയിലും കയറുന്നുന്നത്. ഏതാണ്ട് 2,000ത്തിനടുത്ത് ആളുകള്‍ രാവിലത്തെ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് എക്‌സിക്യൂട്ടീവ് ബിന്ദു വയലാര്‍ പറയുന്നത്.
അഡീഷണല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യത്തെ റെയില്‍വേ തള്ളുന്നത് നാല് അഡീഷണല്‍ കോച്ച് അവതരിപ്പിച്ചാല്‍ അതിന് ഒരു എഞ്ചിന്‍ വേണമെന്നും സര്‍വീസ് സ്റ്റേഷന്‍ വേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ്. മാത്രമല്ല ഓരോ സ്‌റ്റേഷന്റെയും ടിക്കറ്റ് വരുമാനം കണക്കിലെടുത്താണ് കോച്ചുകള്‍ അനുവദിക്കുന്നതെന്നും നിലവില്‍ ട്രെയിനില്‍ കയറുന്നവരില്‍ നല്ലൊരു ഭാഗം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്നുമാണ് റെയില്‍വേ അനൗദ്യോഗികമായി പറയുന്നത്.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇതേ ന്യായമാണ് റെയില്‍വേ നിരത്തുന്നതെന്ന് പാസഞ്ചറിലെ സ്ഥിരം യാത്രക്കാര്‍ പറയുന്നു. ടിക്കറ്റ് പരിശോധിക്കേണ്ടതും ഉറപ്പാക്കേണ്ടതും റെയില്‍വേയാണെന്നും അതു ചെയ്യാതെ യാത്രക്കാരെ പഴിചാരി രക്ഷപെടുകയാണെന്നും അവര്‍ ആരോപിക്കുന്നു. 
ഏറനാടിന് സ്റ്റോപ്പ് വേണം
കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ 1,000 പേരുടെ ഒപ്പ് സമാഹരിച്ച് ആലപ്പുഴ എം.പി കെ.സി വേണുഗോപാലിന് ട്രെയിന്‍ കൂട്ടായ്മ പരാതി നല്‍കിയിരുന്നു. പുതിയ റാക്കുകള്‍ അനുവദിപ്പിക്കാനുള്ള നടപടികളായിട്ടുണ്ടെ
ന്ന്‌ പറയുന്നുണ്ടെങ്കിലും ഇതേകുറിച്ച് കൃത്യമായ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. അടിയന്തിരമായി നാല് റാക്ക് കൂടി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സര്‍ക്കാരും ജനപ്രതിനിധികളും പാസഞ്ചര്‍ യാത്രക്കാരെ മനുഷ്യരായി പരിഗണിക്കണമെന്നും നിലവിലെ അവസ്ഥ മനസിലാക്കി വലിയ അപകടങ്ങള്‍ സംഭവിക്കും മുമ്പ് തന്നെ നടപടികളെടുക്കമെന്നുമാണ് ഇവര്‍ പറയുന്നു.

നിലവില്‍ രാവിലെയും വൈകിട്ടും ഓടുന്ന ഏറനാട് എക്‌സ്പ്രസിന്‌ മാരാരിക്കുളം സ്‌റ്റേഷനില്‍ തൽക്കാലത്തേക്കെങ്കിലും  സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. കുറച്ചധികം ആളുകള്‍ക്ക് ഇതില്‍ കയറാനാകുന്നതോടെ തിരക്ക് അല്‍പം കുറയ്ക്കാനുമാകും. നിലിവില്‍ മറ്റൊരു ട്രെയിന്‍ അനുവദിക്കാന്‍ ഈ റൂട്ടില്‍ സാധിക്കില്ലാത്തതുകൊണ്ടു തന്നെ മറ്റ് മാര്‍ഗങ്ങളിലൂടെ തിരക്ക് കുറയ്ക്കണമെന്നാണ് ആവശ്യം. ഈ പ്രശ്‌നങ്ങളുന്നയിച്ച് അടുത്ത ആഴ്ച തന്നെ വലിയൊരു പ്രതിഷേധ പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് പാസഞ്ചര്‍ കൂട്ടായ്മകള്‍.

Tags:    

Similar News