മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്കെത്തുന്നവര്‍ക്ക് പൊലീസ് സംരക്ഷണം; നിര്‍ദേശവുമായി ഹൈക്കോടതി
മുത്തൂറ്റ് ഫിനാന്‍സിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവായി. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം അത് തുടരാം. അതിന് ജീവനക്കാര്‍ക്ക് അവകാശമുണ്ട്. അതേസമയം, ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മാനേജ്മെന്റിനുവേണ്ടി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കോടതി വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു.ഇന്നത്തെ ഉത്തരവോടെ മുത്തൂറ്റ് ഫിനാന്‍സിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും ജോലിക്കെത്തുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല.